ജമാഅത്തെ ഇസ്ലാമിക്ക് സർട്ടിഫിക്കറ്റ് കൊടുക്കാനില്ലെന്ന് രമേശ് ചെന്നിത്തല

  1. Home
  2. Trending

ജമാഅത്തെ ഇസ്ലാമിക്ക് സർട്ടിഫിക്കറ്റ് കൊടുക്കാനില്ലെന്ന് രമേശ് ചെന്നിത്തല

ramesh chennithala          


ജമാഅത്തെ ഇസ്ലാമിക്ക്  സർട്ടിഫിക്കറ്റ് കൊടുക്കാനൊന്നും താനില്ലെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വെൽഫെയർ പാർട്ടി മതസൗഹാർദ്ദ പാർട്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിട്ടുണ്ടല്ലോ. അങ്ങനെയൊരു നിലപാട് താങ്കൾക്കുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ചെന്നിത്തലയുടെ ഈ മറുപടി. തെരഞ്ഞെടുപ്പിൽ അവർ പിന്തുണ നൽകാമെന്ന് അറിയിച്ചു. ആരു പിന്തുണ നൽകിയാലും യുഡിഎഫ് തെരഞ്ഞെടുപ്പിൽ സ്വീകരിക്കും. അതുമാത്രമാണ് ഞങ്ങൾ സ്വീകരിച്ചിട്ടുള്ളത്. ഞങ്ങൾ അവരുടെ ഭൂതകാലമോ, ഭാവിയോ, വർത്തമാനമോ ഒന്നും പരിശോധിക്കേണ്ട കാര്യം ഞങ്ങൾക്കില്ല. അവർ ഈ രാജ്യത്ത് ബിജെപിയുടെ ദേശീയതക്കെതിരായി നിലപാട് എടുത്തിട്ടുള്ളവരാണ്. ആ സാഹചര്യത്തിൽ നിലമ്പൂരിൽ അവർ യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. ആ പിന്തുണ ഞങ്ങൾ സ്വീകരിക്കുകയാണ്. രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ പത്തു വർഷത്തെ ഇടതുസർക്കാരിന്റെ ദുർഭരണത്തിന് നിലമ്പൂരിലെ ജനങ്ങൾ വിധിയെഴുതുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഈ സർക്കാരിന്റെ ഭരണം കൊണ്ട് ജനങ്ങൾ മടുത്തിരിക്കുകയാണ്. കേരളം ഒരു രാഷ്ട്രീയ-ഭരണ മാറ്റത്തിന് തയ്യാറെടുത്തിരിക്കുകയാണ്. ഇതിനായി പ്രതീക്ഷയോടെ കേരളജനത പ്രതീക്ഷയോടെ നിലമ്പൂരിലെ ജനങ്ങളെ നോക്കിയിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണ മാറ്റവും, പുതിയ സർക്കാരും ഉണ്ടാകാനുള്ള ആദ്യത്തെ പടിയാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്. മതേതര വിശ്വാസികളായ ജനങ്ങൾ ഒരുമിച്ചു നിന്നു കൊണ്ട്, ഈ ഭരണവൈകൃതങ്ങൾക്കെതിരായി, ഭരണ പരാജയങ്ങൾക്കെതിരായി വിധിയെഴുത്ത് നടത്തണമെന്നാണ് അഭ്യർത്ഥിക്കുന്നത്. നല്ല നിലമ്പൂരിനു വേണ്ടി, ഒരു നല്ല നാളേക്കായി, കേരളത്തിലെ ജനത പ്രതീക്ഷിക്കുന്ന ഭരണമാറ്റത്തിനു വേണ്ടി നിലമ്പൂരിലെ ജനങ്ങൾ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

ജമാ അത്തെ ഇസ്ലാമിയെപ്പറ്റി ചൂണ്ടിക്കാണിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് എന്ത് അർഹതയാണുള്ളതെന്ന് ചെന്നിത്തല ചോദിച്ചു. കഴിഞ്ഞകാലങ്ങളിൽ ജമാ അത്തെ ഇസ്ലാമിയുടെ വോട്ട് പരസ്യമായി വാങ്ങുകയും, അവരോടൊപ്പം ചർച്ച നടത്തുകയും ചെയ്ത വ്യക്തിയാണ് പിണറായി വിജയൻ. അന്നൊന്നും അവരിൽ വർഗീയത കാണാത്ത മുഖ്യമന്ത്രിക്ക്, ഇപ്പോഴെങ്ങനെയാണ് വർഗീയത കാണാനാകുന്നതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. സിപിഎമ്മിനെ പിന്തുണച്ചാൽ അവർക്ക് വർഗീയതയില്ല. അവർ ഫാസിസത്തിനെതിരായി പോരാടുന്നവരാണ്. സിപിഎമ്മിന് എതിരായ നിലപാട് സ്വീകരിച്ചാൽ അവർ വർഗീയ കക്ഷികളാണ്. ഇതാണ് മുഖ്യമന്ത്രിയുടെ നിലപാട്. രമേശ് ചെന്നിത്തല പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി യുഡിഎഫിനെ പിന്തുണയ്ക്കുന്നത് ഇടതുപക്ഷത്തെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. താനും പന്തളം സുധാകരനുമൊക്കെ 80 മുതൽ മത്സരിക്കുന്നവരാണ്. അന്നൊക്കെ അവർ ഞങ്ങൾക്കെതിരായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ആദ്യം അവർ പെർഫോർമ കൊണ്ടുവരുമായിരുന്നു. ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയുമോ എന്ന് ചോദിച്ച്. പിന്നീട് അവർ സിപിഎമ്മിനെയാണ് സഹായിച്ചത്. ഞങ്ങളെ ഒരു കാലത്തും പിന്തുണച്ചില്ല. ജമാ അത്തെ ഇസ്ലാമി പിന്തുണയ്ക്കാമെന്ന് പറയുമ്പോൾ വേണ്ടെന്ന് പറയുന്നതെന്തിനാണെന്ന് ചെന്നിത്തല ചോദിച്ചു.

സിപിഎമ്മിന് പിഡിപിയുടെ പിന്തുണ സ്വീകരിക്കാം. പിഡിപി പീഡിത പാർട്ടിയാണെന്നാണ് ഗോവിന്ദൻ മാഷ് പറയുന്നത്. മറ്റു പാർട്ടികൾ വർഗീയപാർട്ടിയാണെന്ന് പറയുന്നു. ഓരോ പാർട്ടിക്കും സർട്ടിഫിക്കറ്റ് കൊടുക്കാനുള്ള ജോലി ഗോവിന്ദൻ മാഷിനെയാണോ ഏൽപ്പിച്ചിരിക്കുന്നത്. എന്നാൽ ഗോവിന്ദൻ മാഷ് സർട്ടിഫിക്കറ്റ് എഴുതൽ നിർത്തണം. ഈ തെരഞ്ഞെടുപ്പിൽ യുഡിഎപ് വിജയിക്കണമെന്ന് ജനങ്ങൾക്ക് അറിയാമെന്ന് ചെന്നിത്തല പറഞ്ഞു. സർക്കാരിനെതിരെ ചിന്തിക്കുന്ന പാർട്ടികളും വ്യക്തികളുമെല്ലാം യുഡിഎഫിന് പിന്തുണ നൽകുന്നുണ്ട്. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഭരണനേട്ടങ്ങൾ പറയുന്നില്ലല്ലോയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.