പരിഭവമറിയിച്ച രമേശ് ചെന്നിത്തലയോട് പ്രതികരണവുമായി പ്രതിപക്ഷ നേതാവ്

  1. Home
  2. Trending

പരിഭവമറിയിച്ച രമേശ് ചെന്നിത്തലയോട് പ്രതികരണവുമായി പ്രതിപക്ഷ നേതാവ്

ramesh chennithala       vd satheesan    


നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ വി.ഡി. സതീശനെ ‘ക്യാപ്റ്റൻ’ എന്ന് വിശേഷിപ്പിച്ചതിൽ പരിഭവമറിയിച്ച രമേശ് ചെന്നിത്തലയോട് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രംഗത്ത്. താൻ ക്യാപ്റ്റനാണെങ്കിൽ ചെന്നിത്തല ‘മേജറാ’ണെന്നാണ് വി.ഡി. സതീശൻറെ പ്രതികരണം. ടീം യു.ഡി.എഫാണ് വിജയത്തിന് പിന്നിലെന്നും വിജയം വ്യക്തി കേന്ദ്രീകൃതമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തൻറെ നേതൃത്വത്തിൽ എത്രയോ ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് ജയിച്ചിട്ടുണ്ടെന്നും അന്ന് തന്നെയാരും ക്യാപ്റ്റനെന്ന് വിളിച്ചില്ലെന്നുമായിരുന്നു ടി.വി ചാനലിൽ കോൺഗ്രസ് പ്രവർത്തക സമിതിയംഗം കൂടിയായ രമേശ് ചെന്നിത്തല പറഞ്ഞത്.

“എത്രയോ ഉപതെരഞ്ഞെടുപ്പ് ഞാൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ജയിച്ചു. അന്ന് ആരും ക്യാപ്റ്റൻ എന്നുള്ള പദവി എനിക്ക് തന്നില്ല. അതെന്താണ് തരാഞ്ഞത്. അതൊക്കെയാണ് ഡബിൾ സ്റ്റാൻഡ് എന്ന് പറയുന്നത്. തീർച്ചയായും പ്രതിപക്ഷ നേതാവിന് ഈ വിജയത്തിൽ മുഖ്യപങ്ക് ഉണ്ട്. പ്രതിപക്ഷനേതാവ് ആരായാലും ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അദ്ദേഹത്തിന് അതിന്റെ ക്രെഡിറ്റ് ഉണ്ട്. അതിൽ സംശയമില്ല. പക്ഷേ ഞാൻ വിജയിച്ചപ്പോൾ എന്നെ ആരും ക്യാപ്റ്റനും ആക്കിയില്ല, കാലാൾപ്പട പോലും ആക്കിയിട്ടില്ല. ഒരു ചാനലും ഒരു പത്രവും ഇങ്ങനെ ഒരു വിശേഷണം നൽകിയില്ല. എനിക്ക് അതിലൊന്നും പരാതിയില്ല” -എന്നിങ്ങനെയായിരുന്നു ചെന്നിത്തലയുടെ പരാമർശം.

ഉമ്മൻചാണ്ടിക്കും ഇങ്ങനെ പദവികളൊന്നും ആരും നൽകിയില്ലെന്നും ചെന്നിത്തല പറ‍ഞ്ഞു. ഞാനും ഉമ്മൻചാണ്ടിയും ജയിച്ച കാലഘട്ടത്തിൽ ഞങ്ങൾക്കൊന്നും ആ പരിവേഷം ആരും തന്നിട്ടില്ല. ഇതൊന്നും മുഖവിലയ്ക്ക് എടുക്കേണ്ട കാര്യമില്ല. നമ്മൾ ഒക്കെ എത്രയോ കാലമായി രാഷ്ട്രീയത്തിൽ നിൽക്കുന്നു. ഒരു മാധ്യമങ്ങളുടെയും പിന്തുണയോടെ അല്ലല്ലോ നിൽക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ചില മാധ്യമങ്ങൾ വി.ഡി സതീശനെ ക്യാപ്റ്റൻ എന്ന് വിളിച്ചിരുന്നു. ഇതേപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറഞ്ഞപ്പോഴാണ് രമേശ് ചെന്നിത്തല ഇത്തരത്തിൽ പ്രതികരിച്ചത്.