രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം; ബിജെപി കൗൺസിലർ അടക്കം മൂന്നുപേർക്കെതിരെ കേസ്; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ തടഞ്ഞ സംഭവത്തിൽ ബിജെപി കൗൺസിലർ ഉൾപ്പെടെ മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തു. പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലർ സിന്ധു രാജൻ, ഇവരുടെ ബന്ധുക്കളായ മറ്റ് രണ്ടുപേർ എന്നിവർക്കെതിരെയാണ് ടൗൺ നോർത്ത് പോലീസ് നടപടിയെടുത്തത്. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണം തടസ്സപ്പെടുത്തുക, വോട്ട് ചോദിക്കരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ബുധനാഴ്ച രാത്രി വടക്കന്തറ മനയ്ക്കൽത്തൊടിയിൽ വെച്ചായിരുന്നു സംഭവം. ബിജെപി സംഘം സ്ഥാനാർത്ഥിയെ തടയുകയും പ്രചാരണത്തിന് തടസ്സം നിൽക്കുകയും ചെയ്തതായി കോൺഗ്രസ് ആരോപിക്കുന്നു. കേസ് സംബന്ധിച്ച വിവരങ്ങൾ പോലീസ് പാലക്കാട് നിയമസഭാ മണ്ഡലം വരണാധികാരിയെ ഔദ്യോഗികമായി അറിയിക്കും.
സംഭവത്തിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. ബിജെപി അംഗം സിന്ധു രാജനാണ് കേസിലെ ഒന്നാം പ്രതി. വോട്ടർമാരെ കാണുന്നതിൽ നിന്ന് സ്ഥാനാർത്ഥിയെ തടയുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും കർശന നടപടി വേണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
