ബലാത്സംഗ കേസ്; സിദ്ദിഖിനെ അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിടണം, സുപ്രീം കോടതി വിധിയുടെ പകര്‍പ്പ് പുറത്ത്
ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്. മുൻകൂർ ജാമ്യപേക്ഷയിൽ തീരുമാനം എടുക്കും വരെ അറസ്റ്റുണ്ടായാൽ ജാമ്യം നല്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവിലുള്ളത്. അന്വേഷണവുമായി സഹകരിക്കാനും സിദ്ദിഖിന് കോടതി നിർദ്ദേശം നല്കി. പരാതി നല്‍കാന്‍ കാലതാമസമുണ്ടായെന്ന വാദം കണക്കിലെടുത്ത കോടതി സംസ്ഥാനവും പരാതിക്കാരിയും എട്ട് വര്‍ഷമായി എന്ത് ചെയ്യുകയായിരുന്നുവെന്ന ചോദ്യവും ഉന്നയിച്ചു.
എട്ടു വർഷത്തിനുശേഷമുള്ള വ്യാജ പരാതിയാണ്. കേസുകളിലുൾപ്പെട്ട മറ്റു സിനിമ പ്രവർത്തകർക്കെല്ലാം ജാമ്യം കിട്ടി. പ്രമുഖ നടനായ തന്‍റെ കക്ഷി അന്വേഷണത്തോട് സഹകരിക്കും. ഇതാണ് സിദ്ദിഖിന്‍റെ അഭിഭാഷകൻ മുകുൾ റോത്തഗി സുപ്രീംകോടതിക്ക് മുമ്പാകെ ഇന്ന് തുടക്കത്തിൽ വ്യക്തമാക്കിയത്. എട്ടു കൊല്ലം എന്തു ചെയ്യുകയായിരുന്നു എന്ന ചോദ്യം കോടതി സംസ്ഥാന സർക്കാരിനോടും പരാതിക്കാരിയുടെ അഭിഭാഷക വ്യന്ദഗ്രോവറിനോടും ഉന്നയിച്ചു. സിനിമയിൽ സ്വാധീനമുള്ള വ്യക്തികൾക്കെതിരെ പരാതി നല്കാൻ പലർക്കും തടസ്സമുണ്ടായിരുന്നു എന്ന് സംസ്ഥാന സർക്കാരിനു വേണ്ടി എഎസ്ജി ഐശ്വര്യ ഭാട്ടി ചൂണ്ടിക്കാട്ടി.
നിലവിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. 29 കേസുകൾ രജിസ്റ്റർ ചെയ്തെന്നും സംസ്ഥാന സർക്കാർ അഭിഭാഷക പറഞ്ഞു. സിദ്ദിഖിനെതിരെ ഒരു കേസാണുള്ളതെന്നും ഈ ഘട്ടത്തിൽ മുകുൾ റോത്തഗി ചൂണ്ടിക്കാട്ടി. വഴങ്ങണം, സഹകരിക്കണം തുടങ്ങിയ അർഥത്തിൽ അഡ്ജസ്റ്റ്മെന്‍റ്, കോംപ്രമൈസ് തുടങ്ങിയ വാക്കുകൾ തന്നെ മലയാള സിനിമയിലുണ്ടെന്നും പ്രതിയും പരാതിക്കാരിയും തമ്മിലുള്ള പ്രായവ്യത്യാസം പരിഗണിക്കണമെന്നും വൃന്ദ ഗ്രോവർ വാദിച്ചു.