മണ്ണും മലിനജലവുമായും ഇടപെടുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് മഴ തുടരുന്നതിനാൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എലിപ്പനിയ്‌ക്കെതിരെ വളരെ ശ്രദ്ധിക്കണം. എലിപ്പനി ബാധിച്ചാൽ പെട്ടെന്ന് തീവ്രമാകുമെന്നതിനാൽ പ്രത്യേക ശ്രദ്ധ വേണം. ഏതെങ്കിലും സാഹചര്യത്തിൽ മണ്ണുമായോ, മലിനജലവുമായോ സമ്പർക്കത്തിൽ വന്നിട്ടുള്ളവർക്ക് പനി ബാധിക്കുന്നെങ്കിൽ ഉടനടി ചികിത്സ തേടി ഡോക്ടറോട് അക്കാര്യം പറയേണ്ടതാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണ്. എലിപ്പനി ഒരു മാരക രോഗമാണെങ്കിലും കൃത്യമായ പ്രതിരോധ മാർഗങ്ങളിലൂടെയും ചികിത്സയിലൂടെയും തടയാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, സന്നദ്ധ പ്രവർത്തകർ, ചെടികൾ നടുന്നവർ, മണ്ണിൽ കളിക്കുന്നവർ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പർക്കത്തിൽ വരുന്നവർ എലിപ്പനി പ്രതിരോധിക്കാനായി ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം നിർബന്ധമായും ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണ്.