പൊതുജനങ്ങൾക്ക് നീതി ഉറപ്പാക്കുമെന്ന് റവാഡ ചന്ദ്രശേഖർ

  1. Home
  2. Trending

പൊതുജനങ്ങൾക്ക് നീതി ഉറപ്പാക്കുമെന്ന് റവാഡ ചന്ദ്രശേഖർ

ravada chandrasekhar    


പൊതുജനങ്ങൾക്ക് നീതി ഉറപ്പാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. പൊതുജനങ്ങളോട് പോലീസ് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറണമെന്ന് ഡിജിപി നിർദേശിച്ചു. ലഹരിവിരുദ്ധ പോരാട്ടത്തിന് പ്രാധാന്യം നൽകുമെന്നും, ചുമതലയേറ്റ ശേഷം നടത്തിയ ആദ്യ വാർത്താസമ്മേളനത്തിൽ റവാഡ എ ചന്ദ്രശേഖർ പറഞ്ഞു. നമ്മുടെ നാട് നേരിടുന്ന പ്രധാന പ്രശ്‌നമാണ് ലഹരി ഉപഭോഗം. ലഹരിയെ നേരിടാനുള്ള നയം കൊണ്ടുവരും. ലഹരിക്കെതിരായ പോരാട്ടം പൊലീസ് ഇപ്പോൾ നടത്തിവരുന്നുണ്ട്. ആ നടപടികളെ കൂടുതൽ ശക്തിപ്പെടുത്തും. മയക്കുമരുന്നിനെതിരെ ബോധവത്കരണവും പ്രധാനമാണ്. ക്രമസമാധാനപരിപാലനം ശക്തിപ്പെടുത്തും. ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ പ്രവർത്തനം മെച്ചമാക്കി ക്രമസമാധാന പാലനം ചിട്ടയായി കൊണ്ടുപോകുമെന്നും ഡിജിപി പറഞ്ഞു.

സൈബർ ക്രൈം മേഖലയിൽ വിവിധ ഏജൻസികളെ കൂട്ടിയിണക്കി മുന്നോട്ടുപോകും. ജനങ്ങൾക്ക് സൈബർ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. താഴേത്തട്ടിലുള്ള ആളുകൾക്കും ഭീതി കൂടാതെ പോലീസ് സ്റ്റേഷനുകളിൽ ചെല്ലാനും, അവർക്ക് നീതി കിട്ടാനുമുള്ള ശ്രമം പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകും റവാഡ ചന്ദ്രശേഖർ പറഞ്ഞു.

കേരളം മതസൗഹാർദ്ദത്തിന്റെ നാടാണ്. തീവ്രവാദത്തിന്റെ വളർച്ചയുള്ളതായി തോന്നിയിട്ടില്ല. പോലീസ് സേനാംഗങ്ങൾക്കിടയിലെ സ്‌ട്രെസ്സ് കുറയ്ക്കാനുള്ള നടപടികൾ പരിശോധിക്കും. നിലവിൽ കൗൺസിലിങ് നൽകുന്നുണ്ട്. കൂത്തുപറമ്പ് വെടിവെയ്പുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, അക്കാര്യത്തിൽ ഐ ഹാവ് നോ കമന്റ്‌സ് ടു ഓഫർ ദാറ്റ് വൺ, നോ കമന്റ്‌സ് എന്നായിരുന്നു റവാഡ ചന്ദ്രശേഖറിന്റെ പ്രതികരണം.

കേരളത്തിലെ പൊലീസ് മേധാവിയായി ചുമതലയേറ്റതിൽ വളരെ സന്തോഷമുണ്ട്. വെല്ലുവിളി നിറഞ്ഞ ജോലിയാണ്. സഹപ്രവർത്തകരുടെ പിന്തുണയോടെയും ജനങ്ങളുടെ സഹായത്തോടെയും നല്ല നീതിയിൽ മുന്നോട്ടുപോകാനാകുമെന്ന് ഉറപ്പുണ്ട്. സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വളരെ ഗൗരവമേറിയതാണ്. അതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഡിജിപി പറഞ്ഞു.