നമ്പി രാജേഷിന്റെ മൃതദേഹവുമായി ബന്ധുക്കൾ എയർ ഇന്ത്യ എക്സ്പ്രസ് ഓഫീസിൽ പ്രതിഷേധിക്കുന്നു

ഒമാനിൽ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്റെ മൃതദേഹവുമായി എയർ ഇന്ത്യ എക്സ്പ്രസ് ഓഫീസിന് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം. രാജേഷിന്റെ മരണത്തിൽ നഷ്ടപരിഹാരം വേണമെന്നതാണ് ബന്ധുക്കളുടെ ആവശ്യം.
ഇന്ന് രാവിലെ ആണ് നമ്പി രാജേഷിന്‍റെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. മൃതദേഹം നേരെ വീട്ടിലേക്ക് കൊണ്ടുപോകാതെ നേരെ എയര്‍ ഇന്ത്യ സാറ്റ്സ് ഓഫീസിന് മുന്നിലെത്തിക്കുകയായിരുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരായ പ്രതിഷേധം എയര്‍ ഇന്ത്യയുടെ ഉപകമ്പനിയായ എയര്‍ ഇന്ത്യ സാറ്റസ് ഓഫിസിന് മുന്നില്‍ നടത്തികൊണ്ടാണ് നമ്പി രാജേഷിന്‍റെ ബന്ധുക്കള്‍ നീതി തേടുന്നത്. പ്രതിഷേധമറിഞ്ഞ് സ്ഥലത്ത് പൊലീസ് എത്തി.
ഇക്കഴിഞ്ഞ ഏഴിനായിരുന്നു രാജേഷിനെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ എട്ടിന് ഒമാനിലേക്ക് പുറപ്പെടാൻ ഭാര്യ അമൃത വിമാനടിക്കറ്റെടുത്തെങ്കിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടർന്ന് യാത്ര മുടങ്ങിയിരുന്നു.വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സര്‍വീസും റദ്ദാക്കി. ഇതോടെ യാത്ര വീണ്ടും മുടങ്ങി.
ഇതിനിടയിൽ 13 ന് രാവിലെയാണ് രോഗം മൂര്‍ച്ഛിച്ച് രാജേഷ് മരിച്ചത്.