ബിജെപിയിൽ ചേരാൻ തയ്യാറായി ചമ്പൈ സോറനും എംഎൽഎമാരും
ജാർഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണപക്ഷമായ ജെഎംഎമ്മിന് കനത്ത തിരിച്ചടി. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ചമ്പൈ സോറൻ ബിജെപിയിൽ ചേരാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് രാവിലെ ആറ് എംഎൽഎമാരുമായി അദ്ദേഹം ഡൽഹിയിലേക്ക് വിമാനം കയറിയതായും റിപ്പോർട്ടിൽ പറയുന്നു. ചമ്പൈ സോറനോടൊപ്പമുണ്ടെന്ന് കരുതുന്ന എംഎൽഎമാരെ ബന്ധപ്പെടാൻ ആവുന്നില്ലെന്ന് പാർട്ടി നേതൃത്വവും സമ്മതിച്ചിട്ടുണ്ട്. ഇന്നലെ രാത്രി കൊൽക്കത്തയിലെ ഹോട്ടലിൽ കഴിഞ്ഞ ചമ്പൈ സോറൻ മുതിർന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായും അഭ്യൂഹങ്ങളുണ്ട്. കൊൽക്കത്തയിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
ബിജെപിയുടെ മുതിർന്ന നേതാവും കേന്ദ്ര മന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാനുമായി ചമ്പൈ സോറൻ ബന്ധപ്പെട്ടിരുന്നതും ഇത് അദ്ദേഹത്തിന്റെ ബിജെപി പ്രവേശത്തിന്റെ ഭാഗമാണെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജാർഖണ്ഡിലും ഓപ്പറേഷൻ താമര നടപ്പാക്കുകയാണ് ബിജെപി എന്ന വിമർശനയുായി ചില ജെഎംഎം നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ഹേമന്ത് സോറൻ അറസ്റ്റിലായതിന് പിന്നാലെയാണ് ചമ്പൈ സോറൻ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തത്. അഞ്ച് മാസത്തിന് ശേഷം കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരികെയെത്തി. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതിൽ ചമ്പൈ സോറന് കടുത്ത അതൃപ്തിക്ക് ഇടയാക്കിയിരുന്നുവന്നത്രേ.
അതേസമയം, താൻ പാർട്ടിവിട്ട് ബിജെപിയിൽ ചേരുമെന്നുള്ള വാർത്തകൾ ചമ്പൈ സോറൻ തള്ളിക്കളഞ്ഞു. സുവേന്ദു അധികാരിയെ കണ്ടെന്ന വാർത്ത നിഷേധിച്ച അദ്ദേഹം ഡൽഹിയിൽ എത്തിയത് വ്യക്തിപരമായ ആവശ്യത്തിനാണെന്നും വ്യക്തമാക്കി. ഇപ്പോൾ എവിടെയാണോ താൻ അവിടത്തന്നെയാണ് ഉള്ളതെന്നും ചമ്പൈ സോറൻ പറഞ്ഞു.