സംസ്ഥാനത്ത് വിപുലമായ റിപ്പബ്ലിക് ദിനാഘോഷം; പ്രധാനമന്ത്രിയെയും കേരളത്തെയും പ്രശംസിച്ച് ഗവര്‍ണര്‍

  1. Home
  2. Trending

സംസ്ഥാനത്ത് വിപുലമായ റിപ്പബ്ലിക് ദിനാഘോഷം; പ്രധാനമന്ത്രിയെയും കേരളത്തെയും പ്രശംസിച്ച് ഗവര്‍ണര്‍

republic-day-celebrations-at-kerala


74-ാം റിപ്പബ്ലിക് ദിനത്തിനം രാജ്യമെമ്പാടും കൊണ്ടാടുമ്പോള്‍ വർണാഭമായ ആഘോഷങ്ങളോടെ കേരളവും. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റിപ്പബ്ലിക് ദിന പരേഡിനെ അഭിവാദ്യം ചെയ്തു. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ആശംസകള്‍ നേരുന്നതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രസംഗത്തില്‍ വ്യക്തമാക്കി. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രിയും തന്റെ ആശംസാ പ്രസ്താവനയില്‍ പറഞ്ഞു.

പ്രസംഗത്തിന്‍റെ തുടക്കത്തില്‍ മലയാളത്തിലായിരുന്നു ഗവര്‍ണര്‍ തന്റെ ആശംസകള്‍ നേര്‍ന്നത്. സംസ്ഥാന സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും തന്റെ പ്രസംഗത്തില്‍ അദ്ദേഹം പ്രശംസിച്ചു. സാമൂഹിക സുരക്ഷയില്‍ കേരളം മികച്ച മാതൃകയായി. സ്റ്റാര്‍ട്ടപ്പ് മിഷനുകളിലൂടെ സംസ്ഥാനം മികച്ച നേട്ടമുണ്ടാക്കി. വ്യവസായ വളര്‍ച്ചയില്‍ രാജ്യത്തിന്റെ മുന്നേറ്റത്തില്‍നിന്ന് കേരളം പ്രചോദനം ഉള്‍ക്കൊണ്ടുവെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് പദ്ധതിയെ പ്രശംസിച്ച ഗവർണർ കേരളത്തിന്റെ ആരോഗ്യമേഖല വലിയ നേട്ടങ്ങളുണ്ടാക്കിയതായും ചൂണ്ടിക്കാട്ടി.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണം ലോകത്തിലെ ആഞ്ചാമത്തെ സാമ്പത്തിക ശക്തിയാക്കി രാജ്യത്തെ മാറ്റി. ഇന്ത്യയ്ക്ക് തീവ്രവാദത്തിനോടുള്ളത് സന്ധിയില്ലാത്ത നിലപാടാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

വൈവിധ്യപൂര്‍ണമായ സംസ്‌കാരിക സവിശേഷതകളെ കോര്‍ത്തിണക്കുന്ന ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിന്റെ സത്ത നിര്‍വചിക്കുന്നത് ഭരണഘടനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. എല്ലാ പൗരന്മാര്‍ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനുമുള്ള സ്വാതന്ത്യം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കണം. ഭരണഘടനയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് മതേതരത്വവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകാമെന്നും അദ്ദേഹം പറഞ്ഞു.