വീടിന്‍റെ മേൽക്കൂര തകർന്ന് 2 വയസ്സുകാരന് ദാരുണാന്ത്യം
തമിഴ്നാട് നാഗപ്പട്ടണത്ത് വീടിന്‍റെ മേൽക്കൂര തകർന്ന് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. വിജയകുമാർ - മീന ദമ്പതികളുടെ മകൻ യാസീന്ദ്രം ആണ് മരിച്ചത്. സീലിംഗ് ഫാൻ അടക്കം കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. രാത്രി ഉറക്കത്തിനിടെയാണ് അപകടമുണ്ടായത്. കുഞ്ഞിന്‍റെ അമ്മ മീനയുടെ കൈയ്ക്ക് പരിക്കേറ്റു.
ഉടനെ അയൽവാസികൾ ഓടിവന്നു. കുട്ടിയെ അപ്പോൾത്തന്നെ നാഗപട്ടണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
2004ലെ സുനാമി പുനരധിവാസ പാക്കേജിന്‍റെ ഭാഗമായി നിർമ്മിച്ച വീടാണ് തകർന്നത്. പ്രദേശത്ത് ആകെ 500 ഓളം വീടുകളാണ് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചത്. മിക്ക വീടുകളും അപകട നിലയിലാണെന്നും പരാതിപ്പെട്ടിട്ട് അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നും നാട്ടുകാർ പറഞ്ഞു.