184 കോടി വാർഷിക വരുമാനം, 500 കോടി ആസ്തി; സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തി വിജയ്

  1. Home
  2. Trending

184 കോടി വാർഷിക വരുമാനം, 500 കോടി ആസ്തി; സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തി വിജയ്

vijay


തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി നാമനിർദേശ പത്രിക സമർപ്പിച്ച തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും നടനുമായ വിജയിയുടെ സ്വത്തുവിവരങ്ങൾ പുറത്ത്. ചെന്നൈയിലെ പെരമ്പൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന വിജയ് സമർപ്പിച്ച സത്യവാങ്മൂല പ്രകാരം 500 കോടി രൂപയിലധികം ആസ്തിയുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 184.53 കോടി രൂപയാണ് അദ്ദേഹത്തിന്റെ വരുമാനം.

ഏകദേശം 404.58 കോടി രൂപയുടെ ജംഗമ ആസ്തിയും 115.13 കോടി രൂപ വിപണി മൂല്യമുള്ള സ്ഥിര ആസ്തിയും വിജയിക്കുണ്ട്. വിജയിയുടെ ഭാര്യ സംഗീതയുടെ പേരിൽ 15.51 കോടി രൂപയുടെ ജംഗമ ആസ്തിയാണുള്ളത്. ഇതിൽ ഒരു ലക്ഷം രൂപ കൈവശമുള്ള പണമായും, 53 ലക്ഷത്തിലധികം രൂപ ബാങ്ക് നിക്ഷേപമായും ഉൾപ്പെടുന്നു. കൂടാതെ, രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും 2.132 കിലോ വെള്ളി ആഭരണങ്ങളും സംഗീതയുടെ പേരിലുണ്ട്.

വാഹനപ്രേമിയായ വിജയിയുടെ പക്കൽ ബിഎംഡബ്ല്യു (BMW 530, BMW I7), ടൊയോട്ട ലക്സസ് 350, ടൊയോട്ട വെൽഫയർ തുടങ്ങിയ ആഡംബര കാറുകളുടെ വലിയ ശേഖരമുണ്ട്. ഇവയ്ക്ക് പുറമെ ഒരു മാരുതി സ്വിഫ്റ്റും ടിവിഎസ് എക്സ് എൽ വാഹനവും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. ചെന്നൈയിലെ ലൊയോള കോളേജിൽ ബി.എസ്.സി ബിരുദത്തിന് ചേർന്നെങ്കിലും 1992-ൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചതായും സത്യവാങ്മൂലത്തിൽ പറയുന്നു. നിലവിൽ ബാങ്കുകളിലോ മറ്റ് സ്ഥാപനങ്ങളിലോ അദ്ദേഹത്തിന് യാതൊരുവിധ കടബാധ്യതകളുമില്ല.