പത്രം കള്ളം പറയുന്നുവെങ്കിൽ കേസ് കെടുക്കട്ടെ, ആരാണ് പി.ആർ ഏജൻസിക്ക് പണം നൽകുന്നത്; ആർ.എസ്.പി. നേതാക്കൾ
മുഖ്യന്ത്രിയുടെ അഭിമുഖത്തിൽ പ്രതികരണവുമായി ആർ.എസ്.പി. നേതാക്കളായ ഷിബു ബേബി ജോണും എൻ.കെ. പ്രേമചന്ദ്രൻ എം.പിയും. ഹിന്ദു പത്രം നുണക്കഥയാണ് പ്രചരിപ്പിക്കുന്നത് എന്ന് വിശ്വസിക്കുന്നില്ലെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ഇങ്ങനെ ഒരു പി.ആർ ഏജൻസി ഉണ്ടോ ആരാണ് പി.ആർ ഏജൻസിക്ക് പണം നൽകുന്നത് ജമാ അത്തെ ഇസ്ലാമിക്കും എസ്.ഡി.പി.ഐക്കും അമാനുഷിക പരിഗണന നൽകുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
'അൻവറിന്റെ ആരോപണങ്ങൾ ഗൗരവമുള്ളതാണ്. ലൈഫ് കേസ് വന്നതിന് പിന്നാലെ സി.ബി.ഐക്ക് സർക്കാർ അനുമതി നിഷേധിച്ചു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് പോലീസ് കൂടുതലായി സ്വർണം പിടിക്കാൻ തുടങ്ങിയത്. ഫോൺ ചോർത്തി എന്ന ആരോപണം അൻവറിന് എതിരെ നടപടി ഇല്ലാത്തത് എന്താണ്' -ഷിബു ബേബി ജോൺ പറഞ്ഞു.
'ഇടതുപക്ഷത്ത് സി.പി.ഐ. പുറമ്പോക്കിൽ താമസിക്കുന്ന പാർട്ടിയായി മാറി. ഇടത് ബോധം നഷ്ടപ്പെട്ട മുന്നണി ആയി എൽ.ഡി.എഫ്. മാറി. എല്ലാം പിണറായിയിലേക്ക് കേന്ദ്രീകരിച്ചു. അൻവറിന്റെ പുതിയ പാർട്ടിയോടുള്ള നിലപാട് അദ്ദേഹത്തിന്റെ മുൻകാല നിലപാടുകൾ പരിശോധിച്ച് തീരുമാനിക്കും.' - അദ്ദേഹം പറഞ്ഞു.
സി.പി.എം. സമാനതകൾ ഇല്ലാത്ത തകർച്ചയിലേക്ക് പോകുന്നുവെന്നാണ് കൊല്ലം എം.പി. പ്രേമചന്ദ്രൻ പറഞ്ഞത്. ഒരു പി.ആർ. ഏജൻസിയുടെ പിൻബലത്തോടെ അഭിമുഖം നൽകേണ്ട അവസ്ഥയായി മുഖ്യമന്ത്രിക്ക്. ഹിന്ദു ദിന പത്രം കള്ളം പറയുന്നവെങ്കിൽ കേസ് കെടുക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.
'അൻവറിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ മുഖ്യമന്ത്രി വൈകുന്നത് എന്തുകൊണ്ടാണ് അൻവറിനെതിരെ എന്തുകൊണ്ട് ഫോൺ ചോർത്തലിന് കേസ് എടുത്തില്ല ഇടതുപക്ഷത് നിന്ന് മാറിയതിന് പിന്നാലെ കേസുകളുമായി വന്നു. ആർ.എസ്.എസ്. അനുകൂല സംഘടന ആവശ്യപെട്ടതിനനുസരിച്ച്. ഒക്ടോബർ 11-ന് സർക്കാർ അവധി നൽകി. ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിച്ച് അധികാരത്തിൽ തുടരാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.' - പ്രേമചന്ദ്രൻ പറഞ്ഞു.