കർഷകർക്ക് ആശ്വാസം; റബർ വില 210 രൂപ
കർഷകർക്ക് ആശ്വാസമായി റബർ വിലയിൽ മുന്നേറ്റം. കഴിഞ്ഞ വർഷം ഈ സമയത്ത് 100 - 110 രൂപയായിരുന്ന വില ഇപ്പോൾ കിലോഗ്രാമിന് 210 രൂപ വരെയായി. ഒട്ടുപാലിന് 150 - 160 രൂപയും വിലയുണ്ട്. കംബോഡിയയുമായി യുദ്ധം രൂക്ഷമായതിനാൽ തായ്ലൻഡിൽനിന്ന് വരവ് നിലച്ചതോടെ ഇറക്കുമതി കുറഞ്ഞതാണ് അനുഗ്രഹമായത്. ഇറക്കുമതി കുറഞ്ഞത് ടയർ കമ്പനികളെ ബാധിക്കുമെങ്കിലും കർഷകർക്ക് നേട്ടമാണ്. ആഭ്യന്തരവില പിടിച്ചുനിർത്താൻ പലപ്പോഴും ഇറക്കുമതിയെയാണ് ടയർ കമ്പനികൾ ആശ്രയിച്ചിരുന്നത്.
തായ്ലൻഡിൽ ഉത്പാദനം കുറയുന്നതോടെ ഇത് സാധ്യമാകാതെ വരും. അതേസമയം, ഇടതടവില്ലാതെയുള്ള മഴ കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ആറ് മാസത്തിനുള്ളിൽ റബർ വെട്ടാൻ കഴിഞ്ഞത് വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ മാത്രമാണ്. കഴിഞ്ഞ് മേയിൽ വെട്ട് ആരംഭിക്കേണ്ടതായിരുന്നു. മഴ കാരണം തുടങ്ങിയില്ല. മലയോര ഗ്രാമങ്ങളിൽ വന്യമൃഗശല്യം ഏറിയതും കർഷകർക്ക് കടുത്ത ഭീഷണിയാണ്. പല തോട്ടങ്ങളിലും ഭാഗികമായി മാത്രമാണ് ഉൽപാദനം നടക്കുന്നത്. ടാപ്പിങ്ങില്ലാത്തതിനാൽ തൊഴിലാളികൾ മറ്റ് പണികൾക്ക് പോകുകയാണ്.
