ശബരിമല സ്വർണക്കൊള്ള: തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാൻ നോക്കേണ്ടെന്ന് കെ. മുരളീധരൻ

  1. Home
  2. Trending

ശബരിമല സ്വർണക്കൊള്ള: തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാൻ നോക്കേണ്ടെന്ന് കെ. മുരളീധരൻ

k muraleedharan


ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിൽ അന്വേഷണം അവസാനിപ്പിക്കാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ദേവസ്വം ബോർഡ് ഭരണകർത്താക്കൾ മാത്രം വിചാരിച്ചാൽ ഇത്രയും വലിയ കൊള്ള നടത്താൻ കഴിയില്ലെന്നും, തന്ത്രിയെ മുൻനിർത്തി ബന്ധപ്പെട്ട മന്ത്രിയെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രിമാരെ രക്ഷിക്കാൻ നീക്കം നടന്നാൽ പ്രതിപക്ഷം ശക്തമായി പ്രതികരിക്കുമെന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി.

സ്വന്തം വകുപ്പിന് കീഴിൽ ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ടും അത് അറിയാൻ കഴിഞ്ഞില്ലെന്ന് മന്ത്രി പറയുന്നത് വിശ്വസിക്കാനാവില്ലെന്ന് മുരളീധരൻ പറഞ്ഞു. പ്രത്യേകിച്ചും സി.പി.എം പോലുള്ള ഒരു പാർട്ടി സംവിധാനത്തിൽ ഇത്തരം കാര്യങ്ങൾ അറിയാതിരിക്കില്ല. അറസ്റ്റിലായവരെല്ലാം ഒരേ പാർട്ടിക്കാരല്ലേ എന്നും അദ്ദേഹം ചോദിച്ചു. ഇപ്പോൾ ജയിലിൽ കഴിയുന്ന ഏതാനും പേരും തന്ത്രിയും ചേർന്നാൽ കേസ് അവസാനിക്കുമെന്ന് സർക്കാർ കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്ത്രിക്ക് ഈ കേസിൽ എത്രത്തോളം പങ്കുണ്ടെന്ന കാര്യം അന്വേഷണത്തിലൂടെയും കോടതി നടപടികളിലൂടെയും മാത്രമേ വ്യക്തമാകൂ. എന്നാൽ ഭരണതലത്തിലുള്ളവരുടെ പങ്ക് മറച്ചുവെച്ച് തന്ത്രിയെ മാത്രം പ്രതിക്കൂട്ടിലാക്കി രക്ഷപ്പെടാൻ നോക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.