ശബരിമല സ്വർണക്കൊള്ളക്കേസ്: എ. പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു
ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു. എസ്.ഐ.ടി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് അദ്ദേഹത്തെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് റിമാൻഡ് ചെയ്തത്. തുടർന്ന് പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി.
അതേസമയം, കേസിൽ പത്മകുമാർ നൽകിയ മൊഴി തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്കായി മാറിയിരിക്കുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവർക്ക് അടുത്ത ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ പത്മകുമാർ ആവർത്തിച്ചു. പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ചില ഉദ്യോഗസ്ഥരുടെയും പിൻബലത്തിലാണെന്നും മൊഴിയിലുണ്ട്.
ശബരിമലയിൽ സ്പോൺസർ ആകാൻ പോറ്റി സർക്കാരിൽ ആരെയൊക്കെ സമീപിച്ചു എന്ന കാര്യത്തിൽ പത്മകുമാർ വ്യക്തമായ ഉത്തരം നൽകിയില്ല. ഗോൾഡ് പ്ലേറ്റിംഗ് വർക്കുകൾ സന്നിധാനത്ത് വെച്ച് ചെയ്യാൻ കഴിയാത്തതിനാലാണ് മാനുവലിന് വിരുദ്ധമായി സ്വർണം പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയതെന്നും, ഉദ്യോഗസ്ഥരോട് കൃത്യമായ തൂക്കവും അളവുമെടുത്ത് മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂ എന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും പത്മകുമാർ മൊഴി നൽകി. കട്ടിളപ്പാളികൾ കൊണ്ടുപോകുന്നതിനു മുൻപും മുൻ ഭരണസമിതിയുടെ കാലത്തും ക്ലാഡിങ് ജോലികൾക്കായി സ്വർണം പുറത്ത് കൊണ്ടുപോയി നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
