ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ജാമ്യാപേക്ഷ സമർപ്പിച്ചു
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. താൻ കുറ്റം ചെയ്തിട്ടില്ലെന്നും, നടപ്പിലാക്കിയത് ദേവസ്വം ബോർഡിന്റെ കൂട്ടായ തീരുമാനമാണെന്നുമാണ് ജാമ്യാപേക്ഷയിൽ പത്മകുമാർ വാദിക്കുന്നത്. ജാമ്യഹർജി കോടതി ചൊവ്വാഴ്ച പരിഗണിക്കും.
നേരത്തെ, കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് പത്മകുമാറിൽ നിന്ന് നിർണ്ണായക വിവരങ്ങൾ ലഭിച്ചിരുന്നു. സ്വർണ്ണക്കൊള്ളയുടെ പൂർണ്ണ ഉത്തരവാദിത്തം പത്മകുമാറിന് തന്നെയാണെന്ന് ദേവസ്വം ബോർഡ് അംഗങ്ങൾ മൊഴി നൽകുകയും ചെയ്തിരുന്നു. സ്വർണ്ണപ്പാളികൾ കൊടുത്തുവിട്ടതിൽ തങ്ങൾ ഇടപെട്ടിട്ടില്ലെന്നും എല്ലാ കാര്യങ്ങളും ചെയ്തത് പത്മകുമാറാണെന്നുമായിരുന്നു ബോർഡ് അംഗങ്ങളുടെ മൊഴി.
എന്നാൽ, ബോർഡിന്റെ തീരുമാനമാണ് താൻ നടപ്പിലാക്കിയതെന്നും താൻ വരുന്നതിന് മുൻപേ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ ഉണ്ടായിരുന്നുവെന്നും പത്മകുമാർ ജാമ്യഹർജിയിൽ പറയുന്നു. പ്രായം പരിഗണിച്ച് തങ്ങളുടെ കക്ഷിക്ക് ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ജാമ്യഹർജി ചൊവ്വാഴ്ച കോടതി പരിഗണിക്കും.
