ശബരിമല സ്വർണക്കൊള്ള: ഉത്തരവാദി ദേവസ്വം ബോർഡും ഉദ്യോഗസ്ഥരുമെന്ന് തന്ത്രി കണ്ഠര് രാജീവര്
ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക വെളിപ്പെടുത്തലുമായി തന്ത്രി കണ്ഠര് രാജീവര്. സ്വർണക്കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ദേവസ്വം ബോർഡിനും ഉദ്യോഗസ്ഥർക്കുമാണെന്ന് അദ്ദേഹം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മൊഴി നൽകി. ആചാരപരമായ കാര്യങ്ങൾ നിയന്ത്രിക്കുക മാത്രമാണ് തന്റെ ചുമതലയെന്നും ബോർഡിന്റെ ഭരണപരമായ തീരുമാനങ്ങളിലോ സാമ്പത്തിക ഇടപാടുകളിലോ തനിക്ക് യാതൊരു പങ്കില്ലെന്നും തന്ത്രി വ്യക്തമാക്കി.
കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ സ്പോൺസറായി സന്നിധാനത്ത് എത്തിച്ചത് താനല്ലെന്നും ഇഡിക്ക് നൽകിയ മൊഴിയിൽ തന്ത്രി പറഞ്ഞു. തന്ത്രിയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും ഇഡി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ദേവസ്വം ബോർഡിന്റെ ഭരണത്തിന് കീഴിലുള്ള ശബരിമലയിലെ സാമ്പത്തിക ഇടപാടുകളും സ്വർണ്ണത്തിന്റെ കണക്കുകളും സംബന്ധിച്ച് നേരത്തെയും വിവാദങ്ങൾ ഉയർന്നിരുന്നു. തന്ത്രിയുടെ ഈ പുതിയ മൊഴി ദേവസ്വം ബോർഡിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ ബോർഡ് ഉദ്യോഗസ്ഥരെയും അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും.
