ഇനി ശരണമന്ത്രങ്ങളുടെ നാളുകൾ; വൃശ്ചിക പുലരിയിൽ അയ്യപ്പനെ കാണാൻ ഭക്തജന തിരക്ക്: അതിരാവിലെ നട തുറന്നു

  1. Home
  2. Trending

ഇനി ശരണമന്ത്രങ്ങളുടെ നാളുകൾ; വൃശ്ചിക പുലരിയിൽ അയ്യപ്പനെ കാണാൻ ഭക്തജന തിരക്ക്: അതിരാവിലെ നട തുറന്നു

sabarimala


പതിനായിരങ്ങൾക്കു ദർശനപുണ്യവുമായി ശബരിമലയിൽ മണ്ഡലകാല പൂജകൾക്കു തുടക്കമായി. പുലര്‍ച്ചെ മൂന്നിന് പുതിയ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്നപ്പോൾ ശബരിമലയിലാകെ ശരണം വിളികൾ മുഴങ്ങി. ഇനി ശരണമന്ത്രധ്വനികളുടെ നാളുകൾ. ഇന്നലെ മുതല്‍ തന്നെ തീര്‍ഥാടകര്‍ സന്നിധാനത്തു തമ്പടിച്ചിരുന്നു. 70,000 പേരാണ് ഇന്ന് ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത്. 10,000 പേർ സ്പോട് ബുക്കിങ് വഴിയും ദർശനത്തിനെത്തും.

ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കുന്ന നട വൈകിട്ട് മൂന്നിന് വീണ്ടും തുറക്കും. രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതുവരെ ദർശനത്തിന് അവസരമാകും. ദിവസവും രാവിലെ 3.30 മുതൽ നെയ്യഭിഷേകം. ഉഷഃപൂജ രാവിലെ 7.30നും ഉച്ചപൂജ 12.30നും നടക്കും. വൈകിട്ട് 6.30നാണു ദീപാരാധന. രാത്രി 9.30ന് അത്താഴപൂജ. തീർഥാടകരുടെ തിരക്ക് പരിഗണിച്ച് 18 മണിക്കൂർ ദർശന സൗകര്യം ലഭ്യമാക്കും. തിരക്കുണ്ടാകാൻ സാധ്യതയുള്ളതിനാൽ പമ്പയിലും സന്നിധാനത്തും കൂടുതൽ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്. സന്നിധാനത്ത് തങ്ങുന്ന ദേവസ്വം മന്ത്രി വി എൻ വാസവൻ രാവിലെ 8.30 ന് ഉദ്യോഗസ്ഥ അവലോകന യോഗം വിളിച്ചിട്ടുണ്ട്.

തീർഥാടനത്തിന്റെ ആദ്യത്തെ 14 ദിവസത്തെയും വെർച്വൽ ക്യു ബുക്കിങ് പൂർത്തിയായി. 30ന് മാത്രം 6000 പേരുടെ ഒഴിവുണ്ട്. ദർശനത്തിനു വെർച്വൽ ക്യു വഴി 70,000 പേർക്കാണ് അവസരം. 29 വരെ ബുക്കിങ് 70,000 കടന്നു. ഈ ദിവസങ്ങളിൽ സ്പോട് ബുക്കിങ്ങിലൂടെ മാത്രമേ ഇനി പ്രവേശനമുള്ളൂ. പമ്പ, എരുമേലി, സത്രം (വണ്ടിപ്പെരിയാർ) എന്നീ 3 കേന്ദ്രങ്ങളിലുമായി ദിവസം 10,000 പേർക്കാണ് സ്പോട് ബുക്കിങ്ങിന് അവസരം. പമ്പയിലെ സ്പോട് ബുക്കിങ് കേന്ദ്രത്തിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ശബരിമലയിൽ ഇന്ന്

നടതുറക്കൽ: 3.00

അഭിഷേകം: 3.30 മുതൽ 11.00 വരെ‌

കളഭാഭിഷേകം: 12.00

ഉച്ചപൂജ: 12.30

നട അടയ്ക്കൽ: 1.00

വൈകിട്ട് നടതുറക്കൽ: 3.00

പുഷ്പാഭിഷേകം: 7.00

ഹരിവരാസനം: 10.50

നട അടയ്ക്കൽ: 11.00