സിനിമ, സീരിയൽ നയം ആറ് മാസത്തിനുള്ളിൽ കൊണ്ടുവരും: സജി ചെറിയാൻ

  1. Home
  2. Trending

സിനിമ, സീരിയൽ നയം ആറ് മാസത്തിനുള്ളിൽ കൊണ്ടുവരും: സജി ചെറിയാൻ

Saji


സിനിമ, സീരിയൽ, ടെലിവിഷൻ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സിനിമ, സീരിയൽ നയം കൊണ്ടുവരുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഒരുപാട് പ്രശ്നങ്ങൾ നിലനിൽക്കുന്ന മേഖല ആയതിനാൽ നിയമം നടപ്പിലാക്കാൻ കുറെ പരിമിതികൾ ഉണ്ട്. എന്നാൽ സിനിമ, സീരിയൽ നയം ആറ് മാസത്തിനുള്ളിൽ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.

സിനിമ, സീരിയൽ, ടെലിവിഷൻ രംഗത്ത് അവസാനിപ്പിക്കേണ്ടതായ നിരവധി സ്ത്രീ വിരുദ്ധ കാര്യങ്ങളുണ്ടെന്നത് സത്യമാണ്. ഹേമ കമ്മീഷന്റെ തുടർച്ചയായി വരുന്ന ഈ നയം മേഖലയിൽ വലിയ മാറ്റം കൊണ്ട് വരുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. മലയാള ചലച്ചിത്രമേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ ആഴത്തിൽ പരിശോധിക്കുന്ന ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകൾ സർക്കാർ നടപ്പിലാക്കുന്നില്ല എന്ന വിമർശനങ്ങൾ നിലനിൽക്കെയാണ് മന്ത്രിയുടെ പ്രഖ്യാപനം.

സിനിമ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യം പഠിക്കുന്നതിന് സര്‍ക്കാര്‍ രൂപീകരിച്ച ഹേമ കമ്മീഷന്‍ ഇതുവരെ പുറം ലോകം കണ്ടിട്ടില്ല. 2017 ജൂലൈയിൽ ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായി മുൻ ബ്യൂറോക്രാറ്റ് കെബി വത്സലകുമാരിയും മുതിർന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷനായിരുന്നു സർക്കാർ രൂപീകരിച്ചത്.

സിനിമാ മേഖലയിലുള്ള അറുപതോളം സ്ത്രീകളുടെ മൊഴി കമ്മീഷന്‍ രേഖപ്പെടുത്തുകയുണ്ടായി. 2019 ഡിസംബർ 31 നാണ് 300 പേജുള്ള റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് മുമ്പിൽ കമ്മീഷൻ സമർപ്പിച്ചത്. കണ്ടെത്തലുകൾ സാധൂകരിക്കുന്നതിനായുള്ള രേഖകളും മൊബൈൽ സ്ക്രീൻഷോട്ടുകളും ഓഡിയോ ക്ലിപ്പുകളും അടക്കമാണ് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാല്‍ ഇതുവരെ റിപ്പോർട്ടിൽ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.