വെറുപ്പിന്റെ പ്രത്യയശാസ്ത്രം വിടുന്നവര്‍ അനാഥരാവില്ല; ബിജെപി വിടാന്‍ ആഗ്രഹിക്കുന്നവരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് സന്ദീപ് വാര്യര്‍
ബിജെപി വിടാന്‍ ആഗ്രഹിക്കുന്നവരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് അടുത്തിടെ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍. വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പ്രത്യയശാസ്ത്രത്തെ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞ് മതനിരപേക്ഷതയുടെ ഭാഗമാവാനും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാനും സന്നദ്ധതയുള്ള ഒരാളും രാഷ്ട്രീയമായി അനാഥമാവില്ലെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ അസംതൃപ്തി പുകയുന്നതിനിടെയാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാലക്കാട്ടെ പ്രാദേശിക നേതാക്കളില്‍ ചിലര്‍ സ്ഥാനാര്‍ഥി നിര്‍ണയ തീരുമാനം ഉള്‍പ്പടെയുള്ള സംസ്ഥാന നേതൃത്വത്തിന്റെ നടപടികളെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു.
സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തിയാണ് സന്ദീപ് വാര്യര്‍ ബിജെപി സംസ്ഥാന നേതൃത്വത്തോട് പിണങ്ങുകയും പിന്നീട് കോണ്‍ഗ്രസിന്റെ ഭാഗമായി പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തത്.
ബിജെപിയില്‍ നിന്ന് രാജിവെച്ച ബിജെപി മുന്‍ വയനാട് ജില്ലാ പ്രസിഡന്റ് കെപി മധുവിനെ കോണ്‍ഗ്രസിലെത്തിക്കാന്‍ സന്ദീപ് വാര്യരുടെ മേല്‍നോട്ടത്തില്‍ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബിജെപിയിലെ ഗ്രൂപ്പ് കളിയെ നിശിതമായി വിമര്‍ശിച്ചാണ് കെപി മധു പാര്‍ട്ടിവിട്ടത്. ഗ്രൂപ്പ് കളിക്കാന്‍ ബിജെപിയില്‍ നില്‍ക്കേണ്ടതില്ലെന്ന് പറഞ്ഞ മധു ബിജെപി സംസ്ഥാന നേതൃത്വത്തോടുള്ള വിയോജിപ്പ് തുറന്നു പറഞ്ഞിരുന്നു.