സന്ദീപ് വാര്യർ പാർട്ടി വിട്ടതിൽ സന്തോഷം; അഹങ്കാരം തലക്ക് പിടിച്ചു, ബി ജെ പിക്ക് ക്ഷീണമില്ല: സി കൃഷ്ണകുമാർ
സന്ദീപ് വാര്യർ പാർട്ടി വിട്ടതിൽ സന്തോഷമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. സന്ദീപ് പോയതിൽ ബി ജെ പിക്ക് ഒരു ക്ഷീണവുമില്ലെന്നും തലക്ക് അഹങ്കാരം പിടിച്ച് പോയവനെ പ്രവർത്തകർ ഉൾക്കൊള്ളില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.
പാർട്ടിയുടെ വക്താക്കളിൽ ഒരാൾ മാത്രമാണ് സന്ദീപ്. അതുകൊണ്ട് ഒന്നും സംഭവിക്കാനില്ല. സന്ദീപിന് കൂടുതൽകാലം കോൺഗ്രസിൽ നിൽക്കാനാവില്ല. പല പാർട്ടികളുമായി വിലപേശി കൂടുതൽ വിലകൊടുത്ത പാർട്ടിയിൽ സന്ദീപ് പോവുകയായിരുന്നു. പ്രത്യയശാസ്ത്രത്തെ തൂക്കി വിൽക്കാനാണ് രണ്ടു ദിവസം സന്ദീപ് ബെംഗളൂരുവിൽ പോയത്.
നവംബർ 20 ന് വോട്ടെടുപ്പ് കഴിഞ്ഞാൽ സന്ദീപ് വാര്യറെ കോൺഗ്രസ് കറിവേപ്പിലയാക്കി തള്ളും. മൂത്താൻ തറയുമായി സന്ദീപിന് എന്തുബന്ധമാണ് ഉള്ളത്? പാർട്ടി വിടുമ്പോൾ സ്വന്തം നിഴൽ പോലും അദ്ദേഹത്തിനൊപ്പമുണ്ടാവില്ല. പ്രസ്ഥാനത്തെയും ബലിദാനികളെയും വഞ്ചിച്ചാണ് സന്ദീപ് വാര്യർ പോയതെന്നും കൃഷ്ണകുമാർ പറഞ്ഞു.