പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ കൊച്ചിയിലെ പരിപാടിയില്‍ മുഖ്യ പ്രഭാഷകനായി ശശി തരൂര്‍, ഒപ്പം കെ സുധാകരനും വി ഡി സതീശനും

  1. Home
  2. Trending

പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ കൊച്ചിയിലെ പരിപാടിയില്‍ മുഖ്യ പ്രഭാഷകനായി ശശി തരൂര്‍, ഒപ്പം കെ സുധാകരനും വി ഡി സതീശനും

sasi tharoor


കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമൊപ്പം ശശി തരൂര്‍. പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഡിക്കോഡ് എന്ന് പേരിട്ടിരിക്കുന്ന സംസ്ഥാന തല കോണ്‍ക്ലേവില്‍ മുഖ്യ പ്രഭാഷകനായിട്ടാണ് തരൂരിന് ക്ഷണം. ഞായറാഴ്ച്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് പരിപാടി.

മൂന്ന് നേതാക്കള്‍ക്കും തുല്യപ്രാധാന്യം നല്‍കിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഡോ എസ് എസ് ലാലും മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുമാണ് മുഖ്യ സംഘാടകര്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ ശശി തരൂരിന്റെ സാന്നിധ്യം ചര്‍ച്ചയാകുമ്പോഴാണ് പ്രൊഫഷണല്‍ കോണ്‍ഗ്രസ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് ശ്രദ്ധേയം.

മുസ്ലീം ലീഗിന് പിന്നാലെ ശശി തരൂരിന് പിന്തുണയുമായി കേരള കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗവും ഇന്നലെ രംഗത്തുവന്നിരുന്നു. ശശി തരൂര്‍ യുഡിഎഫിന്റെ പ്രമുഖ നേതാവാണ്. അദ്ദേഹത്തിന് അതിന്റെ സ്വീകാര്യതയുണ്ട്. ജനങ്ങള്‍ക്ക് തരൂരിനോട് സ്നേഹമുണ്ടെന്നുമായിരുന്നു പി ജെ ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫിന്റെ പ്രതികരണം. .

നിയമസഭ ലക്ഷ്യം വെച്ചാണ് തരൂരിന്റെ നീക്കമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്. ശശി തരൂരിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. മേയര്‍ ആര്യാ രാജേന്ദ്രനെതിരായ യുഡിഎഫ് സമരത്തില്‍ തരൂര്‍ പങ്കെടുക്കുന്നില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരോക്ഷമായ വിമര്‍ശനം.

എന്നാല്‍ ഇതിന് മറുപടിയുമായി ശശി തരൂര്‍ രംഗത്തുവന്നു. സമരത്തില്‍ പങ്കെടുക്കുന്നതിന് കാലതാമസം സംഭവിച്ചിട്ടില്ലെന്ന് തരൂര്‍ പറഞ്ഞു. നവംബര്‍ ഏഴിന് ആദ്യമായി മേയറുടെ രാജി ആവശ്യപ്പെട്ടത് താനാണെന്നും ഇത് വിസ്മരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും തരൂര്‍ മറുപടിയായി പറഞ്ഞു.