'പെൺമക്കൾക്ക് സ്വത്ത് നൽകാതെ ആൺമക്കൾ കൈയടക്കുകയാണോ': സ്വത്ത് വീതം വെപ്പിൽ നോട്ടീസ് അയച്ച് സുപ്രീംകോടതി

  1. Home
  2. Trending

'പെൺമക്കൾക്ക് സ്വത്ത് നൽകാതെ ആൺമക്കൾ കൈയടക്കുകയാണോ': സ്വത്ത് വീതം വെപ്പിൽ നോട്ടീസ് അയച്ച് സുപ്രീംകോടതി

sc


കോഴിക്കോട് വടകരയിൽ നടന്ന സ്വത്ത് വീതംവെപ്പിനെതിരായ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്. വടകരയിലെ ഒരു കുടുംബ സ്വത്ത് ശരിഅത്ത് നിയമത്തിന്റെ അടിസ്ഥാനത്തിൽ സ്വത്ത് വീതം വെച്ചതിനെതിരെ മകൾ നൽകിയ ഹർജിയിലാണ് കോടതി നോട്ടീസ് അയച്ചത്. 

വടകര സ്വദേശിയായ പിതാവിന് ഏഴ് ആൺമക്കളും അഞ്ച് പെൺമക്കളുമാണുള്ളത്. നിലവിൽ മുംബൈയിൽ താമസിക്കുകയാണ് ഹർജിക്കാരിയായ ബുഷറ അലി എന്ന യുവതി. എന്നാൽ സ്വത്ത് വീതം വെപ്പിൽ തുല്യാവകാശം നൽകിയില്ലെന്നാണ് ഹർജിയിൽ പറയുന്നത്. 1937-ലെ ശരിഅത്ത് നിയമത്തിലെ രണ്ടാം വകുപ്പ് പ്രകാരമുള്ള സ്വത്ത് വീതം വയ്ക്കലിൽ ലിംഗ സമത്വം ഇല്ലെന്നാണ് ബുഷറ അലിയുടെ വാദം. ആൺ മക്കൾക്ക് സ്വത്ത് ഉള്ളത് പോലുള്ള തുല്യ അവകാശം കുടുംബത്തിലെ പെൺമക്കൾക്ക് ലഭിക്കുന്നില്ലെന്നും ബുഷറ അലിക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ബിജോ മാത്യു ജോയ്, മനു കൃഷ്ണൻ എന്നിവർ വാദിച്ചു. എന്നാൽ ബുഷറയ്ക്ക് സ്വത്ത് നൽകിയിട്ടുണ്ടെന്ന് എതിർ കക്ഷികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പി എസ് സുൽഫിക്കർ അലി, കെ കെ സൈദാലവി എന്നിവർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. 

എന്നാൽ വാദത്തിനിടെ പെൺമക്കൾക്ക് സ്വത്ത് നൽകാതെ ആൺമക്കൾ സ്വത്ത് കൈയടക്കുക ആണോയെന്ന് എന്ന നീരീക്ഷണം 
ജസ്റ്റിസ് കൃഷ്ണ മുരാരി, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചിൽ നിന്നുണ്ടായി. ഇരുവിഭാഗത്തിന്റെയും വാദം കേട്ട കോടതി, കേസിലെ എതിർകക്ഷികളായ സഹോദരങ്ങൾക്ക് കോടതി നോട്ടീസ് അയച്ചു. കേസിൽ തത്സ്ഥിതി തുടരാനും സുപ്രീംകോടതി നിർദേശം നൽകി. ശരീഅത്ത് നിയമ പ്രകാരം മുസ്ലിം കുടുംബങ്ങളിൽ നടപ്പാക്കുന്ന പിന്തുടർച്ചാവകാശ നിയമം ചോദ്യം ചെയ്തുള്ള ഹർജിക്കൊപ്പം ഈ കേസ് പരിഗണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി ഇതിന് തയ്യാറായില്ല.