ഷുഹൈബ് വധക്കേസ്; സി.ബി.ഐ. അന്വേഷണ ആവശ്യം സുപ്രീം കോടതി തള്ളി

  1. Home
  2. Trending

ഷുഹൈബ് വധക്കേസ്; സി.ബി.ഐ. അന്വേഷണ ആവശ്യം സുപ്രീം കോടതി തള്ളി

sc


മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി സുപ്രീം കോടതി. ഷുഹൈബിന്റെ മാതാപിതാക്കളായ സി.പി മുഹമ്മദ്, എസ്.പി റസിയ എന്നിവർ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. അതേസമയം കേസിന്റെ വിചാരണ വേളയിൽ മറ്റ് ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാൽ, നിയമപരമായ മാർഗം തേടാൻ മാതാപിതാക്കൾക്ക് അവകാശം ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

സംഭവം നടന്ന് അഞ്ച് വർഷം കഴിഞ്ഞെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അന്തിമ അന്വേഷണ റിപ്പോർട്ടും കോടതിയിൽ ഫയൽ ചെയ്തു. അതിനാൽ സി.ബി.ഐ. അന്വേഷണം എന്ന ആവശ്യത്തിൽ ഇപ്പോൾ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അന്വേഷണം സി.ബി.ഐക്കു വിട്ട സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെയാണ് മാതാപിതാക്കൾ സുപ്രീം കോടതിയെ സമീപിച്ചത്.

കേസിലെ ചില പ്രതികൾക്ക് സി.പി.എമ്മുമായുള്ള അടുത്തബന്ധത്തെ കുറിച്ച് കേരള പോലീസ് അന്വേഷണം നടത്തിയില്ലെന്ന് ഷുഹൈബിന്റെ മാതാപിതാക്കൾക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ഗിരിയും അഭിഭാഷകൻ എം.ആർ. രമേശ് ബാബുവും ചൂണ്ടിക്കാട്ടി. കൊലപാതകത്തിന്റെ ഗൂഢാലോചന നടത്തിയവർ പ്രതി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്നും അഭിഭാഷകർ വാദിച്ചു. തുടർന്നാണ് വിചാരണ വേളയിൽ മറ്റ് ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാൽ നിയമപരമായ നടപടി സ്വീകരിക്കാൻ മാതാപിതാക്കൾക്ക് അവകാശം ഉണ്ടായിരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശി എന്നിവരാണ് ഹാജരായത്.