മങ്കടയിലും പത്രിക പിൻവലിച്ച് എസ്.ഡി.പി.ഐ; എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കും
നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായക രാഷ്ട്രീയ നീക്കവുമായി എസ്.ഡി.പി.ഐ. മലപ്പുറം ജില്ലയിലെ മങ്കട മണ്ഡലത്തിൽ മത്സരിക്കുന്നതിൽ നിന്ന് തങ്ങളുടെ സ്ഥാനാർത്ഥിയെ പാർട്ടി പിൻവലിച്ചു. മങ്കടയിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി കുന്നത്ത് മുഹമ്മദിനെ പിന്തുണയ്ക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. എസ്.ഡി.പി.ഐ സംസ്ഥാന സമിതി അംഗം ഡോ. സി.എച്ച് അഷ്റഫായിരുന്നു ഇവിടെ സ്ഥാനാർത്ഥിയായി നിശ്ചയിക്കപ്പെട്ടിരുന്നത്. തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്ന പത്രിക പിൻവലിക്കാനുള്ള അവസാന ദിനത്തിലാണ് ഈ നിർണ്ണായക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
നേരത്തെ കാസർകോട് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിലും എസ്.ഡി.പി.ഐ സമാനമായ നിലപാട് സ്വീകരിച്ചിരുന്നു. മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയായിരുന്ന കെ.എം അഷ്റഫ് പത്രിക പിൻവലിക്കുകയും പിന്നാലെ തന്റെ ജില്ലാ ഭാരവാഹിത്വം രാജിവെക്കുകയും ചെയ്തിരുന്നു. യു.ഡി.എഫും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐയുടെ സാന്നിധ്യം ബി.ജെ.പിക്ക് അനുകൂലമാകുമെന്ന വിമർശനം ഉയർന്നതോടെയാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് സ്ഥാനാർത്ഥിയെ മാറ്റിയത്. ഇതേ മാതൃകയിൽ തന്നെയാണ് ഇപ്പോൾ മങ്കടയിലും പാർട്ടി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
മങ്കടയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ മണ്ഡലത്തിലെ വോട്ടുവിഹിതത്തിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങൾ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുകയാണ്. മഞ്ചേശ്വരത്ത് ബി.ജെ.പിയെ തടയാനുള്ള തന്ത്രപരമായ നീക്കമായിരുന്നുവെങ്കിൽ മങ്കടയിൽ എൽ.ഡി.എഫിനോടുള്ള ആഭിമുഖ്യമാണ് പാർട്ടി പ്രകടമാക്കിയിരിക്കുന്നത്.
