'സീ പ്ലെയിൻ സർവ്വീസ് മനുഷ്യ -മൃഗ സംഘർഷങ്ങൾക്ക് കാരണമാകും': വനംവകുപ്പിൻ്റെ റിപ്പോർട്ട്

  1. Home
  2. Trending

'സീ പ്ലെയിൻ സർവ്വീസ് മനുഷ്യ -മൃഗ സംഘർഷങ്ങൾക്ക് കാരണമാകും': വനംവകുപ്പിൻ്റെ റിപ്പോർട്ട്

SEA PLANE


 

ഇടുക്കി മാട്ടുപ്പെട്ടിയിൽ ജലവിമാനം പറന്നിറങ്ങിയത് അതീവ പരിസ്ഥിതി ലോലമേഖലയിലെന്നും ഈ പ്രദേശത്ത് സീ പ്ലെയിൻ സർവ്വീസ് നടത്തിയാൽ മനുഷ്യ -മൃഗ സംഘർഷങ്ങൾക്ക് കാരണമാകുമെന്നും വനംവകുപ്പിൻ്റെ റിപ്പോർട്ട്. ദേശീയ വന്യജീവി ബോർഡിൻ്റെ അനുമതിയോടെ മാട്ടുപ്പെട്ടി ഡാമിനോട് ചേർന്ന് മറ്റൊരിടത്ത് വിമാനമിറക്കാമെന്നും പരാമർശിക്കുന്ന റിപ്പോർട്ടിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. സർവ്വീസിന് അനുമതി നൽകരുത്തെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരിസ്ഥിതി പ്രവർത്തകർ.


സീ പ്ലെയിൻ സർവ്വീസിൻ്റെ പരീക്ഷണ ലാൻഡിംഗുമായി ബന്ധപ്പെട്ട് ജില്ല ഭരണകൂടം വനംവകുപ്പിന് അയച്ച കത്തിന് നൽകിയ മറുപടിയിലാണ് മാട്ടുപ്പെട്ടിയിലെ സ്വാഭാവിക ആവാസ വ്യവസ്ഥയെക്കുറിച്ച് വനംവകുപ്പ് അക്കമിട്ട് ആശങ്കയറിച്ചത്. പാമ്പാടുംചോല, ആനമുടിച്ചോല തുടങ്ങിയ ദേശീയോദ്യാനങ്ങൾ, കുറിഞ്ഞിമല സങ്കേതം എന്നിവയുൾപ്പെടുന്ന അതീവ പരിസ്ഥിതി ലോലമേഖലയാണ് മാട്ടുപ്പെട്ടി ഡാമിൻ്റെ വൃഷ്ടിപ്രദേശം. വംശനാശഭീഷണി നേരിടുന്ന നിരവിധി ജീവികളുടെ ആവാസ കേന്ദ്രം കൂടിയാണ് ഇവിടം. കാട്ടാനകൾ സ്ഥിരമായി കടന്നുപോകുന്ന മേഖലകൂടിയായ പ്രദേശം മാറ്റി നിർത്തി വേണമെങ്കിൽ സീ പ്ലെയിൻ സർവ്വീസ് തുടങ്ങാമെന്നും ഇതിന് നിർബന്ധമായും ദേശീയ വന്യജീവി ബോർഡിൻ്റെ അംഗീകാരമുള്ള പ്രത്യേക പദ്ധതി തയ്യാറാക്കണമെന്നുമാണ് വനംവകുപ്പ് ചൂണ്ടിക്കാണിക്കുന്നത്.