ഇന്‍ഡ്യ സഖ്യ സീറ്റ് വിഭജനം; ബിഹാറിലും മഹാരാഷ്ട്രയിലും പൊട്ടിത്തെറി
ലോക്സഭ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തില്‍ ബിഹാറിലും മഹാരാഷ്ട്രയിലും ഇന്‍ഡ്യ സഖ്യത്തില്‍ പൊട്ടിത്തെറി. ബീഹാറില്‍ ആര്‍ജെഡിക്ക് നല്‍കിയ പൂര്‍ണിയയില്‍ കോണ്‍ഗ്രസ് നേതാവ് പപ്പു യാദവ് നാമനിര്‍ദ്ദേശപത്രിക നല്‍കാന്‍ തീരുമാനിച്ചതോടെയാണ് മുന്നണിയില്‍ അസ്വാരസ്യം ഉടലെടുത്തത്. ഇതോടെ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍ജെഡി രംഗത്തെത്തിയിരിക്കുന്നത്.
ആര്‍ജെഡി, കോണ്‍ഗ്രസ്, സിപിഐഎംഎല്‍ ലിബറേഷന്‍, സിപിഐ, സിപിഎം തുടങ്ങിയ പാര്‍ട്ടികളാണ് മഹാഗത്ബന്ധന്‍ എന്ന പേരില്‍ ബീഹാറില്‍ പ്രതിപക്ഷ ഇന്ത്യ മുന്നണിയിലുള്ളത്. ഇതില്‍ പപ്പു യാദവ് കോണ്‍ഗ്രസ് എത്തിയത് പൂര്‍ണ്ണിയ സീറ്റ് ഉറപ്പ് നല്‍കിയ പശ്ചാത്തലത്തിലായിരുന്നു. എന്നാല്‍ പൂര്‍ണ്ണിയ സീറ്റ് ആര്‍ജെഡി എടുക്കുകയായിരുന്നു. പപ്പു യാദവ് എപ്രില്‍ രണ്ടിന് പൂര്‍ണിയ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക നല്‍കും.
സംസ്ഥാനത്തെ മൊത്തം സീറ്റുകളില്‍ 26 സീറ്റില്‍ ആര്‍ജെഡിയും ഒമ്പത് സീറ്റുകളില്‍ കോണ്‍ഗ്രസും മൂന്ന് സീറ്റില്‍ സിപിഐഎംഎല്ലും ഓരോ സീറ്റില്‍ സിപിഐഎും സിപിഎമ്മും മത്സരിക്കാനായിരുന്നു നേരത്തെ എകദേശ ധാരണയായത്. ഇതില്‍ ആദ്യഘട്ടവോട്ടെടുപ്പ് നടക്കുന്ന നാല് സീറ്റുകളിലും ആര്‍ജെഡി സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. ഇത് നേരത്തെ മറ്റു മുന്നണികളിലും അതൃപ്തി ഉണ്ടാക്കിയിരുന്നു.