ഇരട്ട സ്ഫോടനം: ജമ്മു കശ്മീർ കനത്ത ജാഗ്രതയിൽ; രാഹുൽ ഗാന്ധിയുടെ സുരക്ഷ കൂട്ടും

  1. Home
  2. Trending

ഇരട്ട സ്ഫോടനം: ജമ്മു കശ്മീർ കനത്ത ജാഗ്രതയിൽ; രാഹുൽ ഗാന്ധിയുടെ സുരക്ഷ കൂട്ടും

rahul


 ഇരട്ട സ്ഫോടനത്തിന് പിന്നാലെ ജമ്മു കശ്മീർ കനത്ത ജാഗ്രതയിൽ. സംഭവത്തിൽ വിവിധ ഏജൻസികൾ ചേർന്ന് അന്വേഷണം ഊർജ്ജിതമാക്കി. കസ്റ്റഡിയിലെടുത്ത ആറ് പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. എന്നാൽ ഇവർക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല. സ്ഫോടനത്തിന് പിന്നിൽ എന്തെങ്കിലും ഭീകര സംഘടനകൾക്ക് ബന്ധമുണ്ടോയെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ സംഭവസ്ഥലത്ത് സൈന്യവും എൻഐഎയും പരിശോധന നടത്തിയിരുന്നു. എൻഐഎ പ്രാഥമിക വിവരശേഖരണവും നടത്തിയിട്ടുണ്ട്. അന്വേഷണം എൻഐഎയ്ക്ക് കൈമാറിയേക്കുമെന്നാണ് വിവരം. 

ഇന്നലെ രാവിലെ പത്തിനും പതിനൊന്നരയ്ക്കും ഇടയിലാണ് രണ്ട് സ്ഫോടനങ്ങൾ നടന്നത്. നര്‍വാളിലെ ട്രാൻസ്പോര്‍ട്ട് നഗറിലെ ഏഴാം നമ്പര്‍ യാര്‍ഡിലാണ് സ്ഫോടനം. ട്രക്കുകളുടെ കേന്ദ്രമായ ഇവിടെ നിരവധി വര്‍ക്ക് ഷോപ്പുകൾ പ്രവര്‍ത്തിക്കുന്നുണ്ട്. രാവിലെ അറ്റകുറ്റപ്പണിക്കായി എത്തിച്ച ഒരു കാറാണ് പൊട്ടിത്തെറിച്ചത്. അരമണിക്കൂറിന് ശേഷം മറ്റൊരു കാറിലും സ്ഫോടനം നടന്നു. പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ സഹായധനം ജമ്മു കശ്മീർ ലഫ് ഗവർണർ പ്രഖ്യാപിച്ചിട്ടുണ്ട്. ആസൂത്രിതമായ സ്ഫോടനമെന്നാണ് പൊലീസ് പറയുന്നത്. ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്.  നേരത്തെ റിപ്പബ്ലിക് ദിനത്തിനു മുൻപ് ആക്രമണസാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ജമ്മുവിലൂടെ കടന്നു പോകുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. എന്നാല്‍ ഭാരത് ജോഡോ യാത്ര നിർത്തില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. 

ഇരട്ട സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലൂടെ ഭാരത് ജോഡോ യാത്രയുമായി നീങ്ങുന്ന രാഹുൽ ഗാന്ധിയുടെ സുരക്ഷ കൂട്ടും. കേന്ദ്രസേനക്കൊപ്പം ജമ്മു കശ്മീർ പൊലീസിനെയും അധികമായി നിയോഗിക്കും. ശനിയാഴ്ച കത്വയിൽ വിശ്രമിച്ച യാത്രാ സംഘം ഹീരാ നഗറിൽ നിന്ന് ദഗ്ഗർ ഹവേലിയിലേക്ക് ഇന്ന് നീങ്ങുകയാണ്. 21 കിലോമീറ്റർ സഞ്ചരിച്ച് സാമ്പയിൽ യാത്ര അവസാനിക്കും. രാഹുൽ ഗാന്ധി കടന്നു പോകുന്ന മേഖലകളിലെല്ലാം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നാണ് ജമ്മു കശ്മീർ ഭരണകൂടം ആവർത്തിക്കുന്നത്.