മുഖ്യമന്ത്രിക്ക് പ്രത്യേക മുറി, ഓരോ മന്ത്രിമാർക്കും പ്രത്യേകം സീറ്റുകൾ, ഫ്രിഡ്ജ്; നവകേരള സദസ്സിനുള്ള യാത്രക്കായി ഒരുങ്ങുന്നത് ആഢംബര ബസ്

ഒരു കോടി അഞ്ച് ലക്ഷം ചെലവിട്ട് നവകേരള സദസ്സിനുള്ള യാത്രക്കായി ഇറക്കുന്ന ബസിനെ ചൊല്ലി വൻ വിവാദം. സർക്കാർ കടക്കെണിയിൽ നട്ടം തിരിയുമ്പോഴാണ് ഈ ഒരു ബസിന് വൻ തുക അനുവദിക്കുന്നത്. മന്ത്രിമാർ സ്വന്തം വാഹനങ്ങൾ വിട്ട് പ്രത്യേക ബസിൽ പോകുന്നത് വഴി ചെലവ് കുറയുമെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ന്യായീകരണം.
എന്നാൽ ഒരു വിവരവും പുറത്തുവിടരുതെന്നാണ് കെഎസ്ആർടിസിക്കുള്ള കർശന നിർദ്ദേശം. കേൾക്കുന്നതാകട്ടെ പല പല കാര്യങ്ങളുമാണ്. മുഖ്യമന്ത്രിക്ക് പ്രത്യേക മുറിയും ഓരോ മന്ത്രിമാർക്കും പ്രത്യേകം സീറ്റുകൾ. ബയോ ടോയ്ലെറ്റ്, ഫ്രിഡ്ജ്, ഡ്രൈവർക്ക് അടുത്ത് മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ സ്പോട് ലൈറ്റുള്ള സ്പെഷ്യൽ ഏരിയ തുടങ്ങിയവയാണ് ബസ്സിലുള്ളതെന്നാണ് വിവരം. എന്നാൽ വിവാദം നിലവിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ കാര്യങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, യാത്രക്ക് ശേഷം കാരാവാൻ ബസ് കെഎസ്ആർടിസിക്ക് കൈമാറാനാണ് നീക്കം. ഡബിൾ ഡക്കർ ബസ് വാടകക്ക് നൽകി കാശുണ്ടാക്കും പോലെ നവകേരള സദസ്സ് ബസും വരുമാനമാർഗ്ഗമാകുമെന്നാണ് വിശദീകരണം.