ഇരുചക്ര വൈദ്യുത വാഹന വിപണിക്ക് തിരിച്ചടിയായി ജൂലൈ വില്പന
ഇരുചക്ര വൈദ്യുത വാഹന വിപണിക്ക് തിരിച്ചടിയായി ജൂലൈ വില്പന. പ്രമുഖ ഇ.വി നിർമാതാക്കൾക്കെല്ലാം വില്പന താഴ്ന്നപ്പോൾ ഏഥർ എനർജിക്ക് വളർച്ച നേടാൻ സാധിച്ചു. ചൈനയിൽ നിന്നുള്ള റെയർ എർത്ത് മൂലകങ്ങളുടെ വരവ് നിലയ്ക്കുന്നത് ഇ.വി വിപണിയെ ബാധിച്ചേക്കുമെന്ന ആശങ്കകൾക്കിടയിലാണ് പുതിയ കണക്കുകളും പുറത്തു വന്നത്. ഇ.വി വില്പനയിൽ ജൂണിനെ അപേക്ഷിച്ച് 21.6 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈദ്യുത ഇരുചക്ര വാഹന വില്പനയിൽ ഒന്നാം സ്ഥാനത്തുള്ള ടി.വി.എസിന്റെ വില്പനയിൽ മൂന്നു ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജൂലൈ 27 വരെയുള്ള കണക്കനുസരിച്ച് ജൂണിലെ 25 ശതമാനത്തിൽ നിന്ന് 22 ശതമാനത്തിലേക്ക് വിപണി വിഹിതം താഴ്ന്നു. രണ്ടാംസ്ഥാനത്തുള്ള ബജാജിനും ക്ഷീണം സംഭവിച്ചിട്ടുണ്ട്. വില്പനയിലും വിപണി വിഹിതത്തിലും ഈ മാസം കുറവു വന്നു. 22.8 ശതമാനം വിപണി വിഹിതത്തിൽ നിന്ന് 21.1 ശതമാനമായിട്ടാണ് കുറഞ്ഞത്. ബജാജിന്റെ ചേതക് മോഡൽ രാജ്യവ്യാപകമായി മികച്ച അഭിപ്രായം നേടിയിരുന്നു. തുടർച്ചയായി തിരിച്ചടികൾ നേരിടുന്ന ഓല ഇലക്ട്രിക്കിനാണ് വലിയ തിരിച്ചടി നേരിട്ടത്. 19.9 ശതമാനം വിപണി വിഹിതത്തിൽ നിന്ന് 17.2 ശതമാനമായി താഴ്ന്നു.
ജൂൺ പാദത്തിൽ വില്പനയിലും വരുമാനത്തിലും വലിയ കുറവാണ് ഓല രേഖപ്പെടുത്തിയത്. മോഡലുകളിൽ സാങ്കേതിക പ്രശ്‌നങ്ങൾ വർധിക്കുന്നതും വിവിധ സംസ്ഥാനങ്ങളിൽ വില്പനയുമായി ബന്ധപ്പെട്ട് കേസുകൾ രജിസ്റ്റർ ചെയ്തതും ഓലയുടെ പ്രതിച്ഛായയെ ബാധിച്ചു. മേയ് മാസത്തിൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ഏഥർ എനർജി തങ്ങളുടെ വിപണി വിഹിതം വർധിപ്പിക്കുന്നതിനാണ് ജൂലൈ സാക്ഷ്യം വഹിക്കുന്നത്. ജൂലെ 14.4 ശതമാനത്തിൽ നിന്ന് 16.5 ശതമാനത്തിലേക്ക് വളരാൻ ഏതറിന് സാധിച്ചു.
ജൂലൈ 27 വരെ 13,187 യൂണിറ്റുകളാണ് ഏഥർ വിറ്റത്. ഓലയും ഏഥറും തമ്മിലുള്ള സമാന കാലത്തെ വ്യത്യാസം വെറും 526 യൂണിറ്റുകൾ മാത്രമാണ്. ജൂണിൽ ഏഥറിനേക്കാൾ 5,000 യൂണിറ്റുകൾ ഓല വിറ്റിരുന്നു. ഇ.വി വിപണിയിൽ മത്സരം കടുക്കുന്നുവെന്ന സൂചനയാണ് ഏതറിന്റെ മുന്നേറ്റം നല്കുന്നത്.
ഫാമിലി സ്‌കൂട്ടർ വിഭാഗത്തിൽ റിസ്ത എന്ന മോഡലാണ് ഏഥറിന്റെ കുതിപ്പിന് വഴിമരുന്നിടുന്നത്. ഇ.വി ആരാധകരുടെ മനസിലേക്ക് കടന്നുകയറാൻ റിസ്തയുടെ വ്യത്യസ്ത മോഡലുകൾക്ക് സാധിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ ഏതർ വിപണി വിഹിതത്തിൽ ആദ്യ മൂന്നിലെത്താനുള്ള സാധ്യതയാണുള്ളത്. ചൈനയിൽ നിന്നുള്ള അപൂർവ മൂലകങ്ങളുടെ ലഭ്യതക്കുറവ് ഇ.വി വാഹന വില്പനയെ ഓഗസ്റ്റിൽ പിന്നോട്ടടിക്കുമെന്ന് ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടർ രാജീവ് ബജാജ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
