രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്; തുടർ നടപടികളുമായി പൊലീസ്, ബംഗാളി നടി ശ്രീലേഖയുടെ രഹസ്യമൊഴിയെടുക്കും
സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസ് നൽകിയ ബംഗാളി നടി ശ്രീലേഖ മിത്രയുടെ രഹസ്യമൊഴി പ്രത്യേക അന്വേഷണം സംഘം രേഖപ്പെടുത്തും. ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയിൽ പൊലീസ് കേസെടുത്തതോടെ സംവിധായകൻ രഞ്ജിത്ത് തുടർ നിയമനടപടിയ്ക്കുളള നീക്കം തുടങ്ങി. മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കാനാണ് നീക്കം. അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പുറത്തുവരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാൻ വനിതാ എസ് പി മാരുടെ നേതൃത്വത്തിൽ കൂടുതൽ വനിത ഉദ്യോഗസ്ഥരെ പ്രത്യേക സംഘത്തിൽ ഉള്‍പ്പെടുത്താൻ ഡിജിപി വിളിച്ചു ചേർത്ത യോഗം തീരുമാനിച്ചു.
സിനിമാ മേഖലയിൽ ഓരോ ദിവസവും ഓരോ ആരോപണങ്ങളാണ് ഉയരുന്നത്. ലൈംഗിക ആരോപണം കൂടാതെ സിനിമ സെറ്റുകളിലും താമസ സ്ഥലങ്ങളിലും നേരിട്ടേണ്ട വന്ന വിവേചനങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടികാട്ടി 15ലധികം പരാതികളാണ് ഇതിനകം പൊലീസിന് ലഭിച്ചിട്ടുള്ളത്. സിനിമ മേഖലയിലുണ്ടായ അതിക്രമങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ വഴിയോ, നവമാധ്യമങ്ങള്‍ വഴിയോ ആരൊക്കെ പരാതി ഉന്നയിച്ചാലും അവരുടെ മൊഴിയെടുക്കാൻ ഇന്ന് ചേർന്ന പ്രത്യേക സംഘത്തിന്റെ യോഗം തീരുമാനിച്ചു.
മൊഴി നൽകുന്നവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമുണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്യും. ലോക്കൽ പൊലിസിൽ രജിസ്റ്റർ ചെയ്യുന്ന കേസുകള്‍ ഡിജിപിയുടെ ഉത്തരവോടെ ഉടൻ പ്രത്യേക സംഘത്തിന് കൈമാറും. നാല് വനിത ഐപിഎസ് ഉദ്യോഗസ്ഥരാകും അന്വേഷണം നടത്തുക. ഇതിനു ശേഷം മൊഴി രേഖപ്പെടുത്തലും, സാക്ഷ്യമൊഴിയും തെളിവു ശേഖരിക്കലുമെല്ലാം സൂക്ഷമതയോടെ വേണമെന്ന് ഡിജിപി നിർദ്ദേശിച്ചു. കോടതിയിൽ നിന്നും അന്വേഷണ സംഘത്തിന് തിരിച്ചടി നേരിടാതിരിക്കാനുളള ജാഗ്രത പാലിക്കണം.