ലൈംഗിക പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ നിർണായക ഡിജിറ്റൽ രേഖകൾ കൈമാറി

  1. Home
  2. Trending

ലൈംഗിക പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ നിർണായക ഡിജിറ്റൽ രേഖകൾ കൈമാറി

rahul


തനിക്കെതിരായ ലൈംഗിക പീഡന ആരോപണത്തിൽ കൂടുതൽ നിർണായകമായ ഡിജിറ്റൽ രേഖകൾ രാഹുൽ മാങ്കൂട്ടത്തിൽ കൈമാറി. അഭിഭാഷകൻ മുഖേന മുദ്രവെച്ച കവറിലാണ് ഒമ്പത് ഫയലുകൾ അടങ്ങുന്ന രേഖകൾ അദ്ദേഹം അന്വേഷണ സംഘത്തിന് സമർപ്പിച്ചത്. കേസിൽ കൂട്ടുപ്രതിയായ ജോബി ജോസഫിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് നൽകിയിട്ടില്ല. തന്റെ വിവാഹമോചനത്തിന് അഞ്ച് മാസങ്ങൾക്ക് ശേഷം മാത്രമാണ് രാഹുൽ മാങ്കൂട്ടത്തിൽ സംസാരിക്കാൻ തുടങ്ങിയതെന്നും അടുത്തതെന്നുമാണ് പരാതിക്കാരി പ്രധാനമായും മൊഴി നൽകിയിരുന്നത്. എന്നാൽ, ഈ വാദങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് തെളിയിക്കുന്ന രേഖകളാണ് രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ സമർപ്പിച്ചിട്ടുള്ളത്.

പരാതിക്കാരി ഭർത്താവുമായി വേർപിരിഞ്ഞ ശേഷവും ബന്ധം തുടർന്നിരുന്നുവെന്നാണ് രാഹുലിന്റെ വാദം. ഇത് സ്ഥിരീകരിക്കുന്ന ചിത്രങ്ങളടങ്ങിയ തെളിവുകളാണ് ഇന്ന് രാഹുൽ കൈമാറിയത്. അതേസമയം, ഗർഭഛിദ്രത്തിന് നിർബന്ധിച്ചതിനെ തുടർന്ന് രാഹുലിന്റെ സുഹൃത്തായ ജോബി ഗുളിക എത്തിച്ചെന്നും ഇത് കഴിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ വീഡിയോ കോൾ ചെയ്തിരുന്നതായും യുവതി മൊഴി നൽകിയിരുന്നു. എന്നാൽ ഇത്തരം വാദങ്ങൾ തെറ്റാണെന്ന് സ്ഥാപിക്കുന്ന ഡിജിറ്റൽ തെളിവുകളാണ് മുൻകൂർ ജാമ്യാപേക്ഷയ്ക്ക് തൊട്ടുപിന്നാലെ രാഹുൽ അഭിഭാഷകൻ വഴി കൈമാറിയത്.

നേരത്തെ, കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പരാതിക്കാരിയുടെ മൊബൈൽ ഫോൺ പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. വിവാഹിതയാണെന്ന വിവരം മറച്ചുവെച്ചാണ് യുവതി അടുപ്പം സ്ഥാപിച്ചതെന്നായിരുന്നു രാഹുലിന്റെ അനുകൂലികളുടെ വാദം. എന്നാൽ, താൻ വിവാഹിതയാണെന്ന കാര്യം രാഹുലിനോട് പങ്കുവെച്ചിരുന്നുവെന്ന് യുവതി അന്വേഷണ സംഘത്തോട് വ്യക്തമാക്കി. കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്ന് നിയമോപദേശം ലഭിച്ചതോടെ പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ കേരളം വിടുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് രാഹുൽ നാട്ടിൽ തന്നെ ഒളിവിലിരിക്കുന്നത്. രാഹുലിന്റെ ഫോൺ ഇപ്പോഴും സ്വിച്ച് ഓഫ് ആണ്. അതേസമയം, അദ്ദേഹത്തിന്റെ പേഴ്സണൽ അസിസ്റ്റന്റ് ഫസലും ഡ്രൈവറും ഓഫീസിൽ തിരിച്ചെത്തിയിട്ടുണ്ട്.