തെറ്റ് തിരുത്തി കലാലയങ്ങളെ അക്രമവിമുക്തമാക്കണം, ബിനോയ് വിശ്വത്തെ ചരിത്രം പഠിപ്പിക്കാൻ എസ് എഫ് ഐ വളർന്നിട്ടില്ല
ബിനോയ് വിശ്വത്തെ ചരിത്രം പഠിപ്പിക്കാൻ എസ് എഫ് ഐ വളർന്നിട്ടില്ലെന്ന് എഐഎസ്എഫ്. ബിനോയ് വിശ്വത്തിന്റെ ക്രിയാത്മക വിമർശനങ്ങളോടുള്ള എസ്എഫ്ഐയുടെയും ചില സിപിഎം നേതാക്കളുടെയും പ്രതികരണം അവരുടെ രാഷ്ട്രീയ പാപ്പരത്തത്തെയാണ് വെളിപ്പെടുത്തുന്നത്.
വിമർശനങ്ങളെ സഹിഷ്ണുതയോടെ കണ്ട്, തെറ്റ് തിരുത്തി കലാലയങ്ങളെ അക്രമവിമുക്തമാക്കാനും ജനാധിപത്യവൽക്കരിക്കാനുമുള്ള പക്വത കാണിക്കണം. അതിന് പകരം പാർട്ടി സംസ്ഥാന സെക്രട്ടറിയെയും എഐഎസ്എഫിനെയും താറടിച്ച് സ്വയം അപഹാസ്യരാവുകയാണ് എസ്എഫ്ഐയെന്നും എഐഎസ്എഫ് നേതാക്കൾ പ്രസ്താവനയിൽ വിമര്‍ശിച്ചു.
എസ്എഫ്ഐയുടെ പ്രവര്‍ത്തന ശൈലിയെ ചൊല്ലി സിപിഎം സിപിഐ വാക് പോര് നടക്കുന്നതിനിടെയാണ് എഐഎസ്എഫും രംഗത്ത് വരുന്നത്. ഇങ്ങനെ പോയാൽ എസ്എഫ്ഐ ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്നും വിമര്‍ശനത്തിൽ ഉറച്ചു നിൽക്കുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
