'ഇവിടെ ആകെ വിലക്കുറവുള്ളത് മുഖ്യമന്ത്രിക്ക് മാത്രം'; ബാക്കിയെല്ലാത്തിനും വിലക്കയറ്റമെന്ന് ഷാഫി പറമ്പിൽ

  1. Home
  2. Trending

'ഇവിടെ ആകെ വിലക്കുറവുള്ളത് മുഖ്യമന്ത്രിക്ക് മാത്രം'; ബാക്കിയെല്ലാത്തിനും വിലക്കയറ്റമെന്ന് ഷാഫി പറമ്പിൽ

shafi-parambil


കേരളത്തിൽ മുഖ്യമന്ത്രിക്കൊഴികെ ബാക്കിയുള്ളതിനെല്ലാം കനത്ത വിലയാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ. സ്പ്ലൈകോയിൽ അവശ്യസാധനങ്ങൾ ലഭ്യമാകാത്തത് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ ശേഷം സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സപ്ലൈകോ തകർച്ചയിലാണെന്ന് പ്രചരിപ്പിച്ച് കുത്തകളെ ചില്ലറ വിപണയിലേക്ക് ഇറക്കാനുള്ള നീക്കങ്ങളാണ് നടന്നുവരുന്നതെന്ന് നോട്ടീസിന് മറുപടി നൽകവേ ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ പറഞ്ഞു.

'സപ്ലൈകോ ഔട്ട്ലെറ്റുകളിൽ അവശ്യസാധനങ്ങൾ ഇല്ലായെന്ന് മന്ത്രിക്ക് സഭയിൽ രേഖാമൂലം സമ്മതിക്കേണ്ടി വന്നു. ഞങ്ങളുന്നയിക്കുന്ന ജനകീയ പ്രശ്നങ്ങളുടെ ആത്മാർത്ഥത സിപിഐയുടെ സംസ്ഥാന കൗൺസിലിൽ ഇരിക്കുന്ന ഭാര്യക്ക് മനസ്സിലായിട്ടും മന്ത്രിക്ക് സമ്മതിക്കാൻ കഴിയുന്നില്ല. ചോദ്യങ്ങൾക്ക് ഉത്തരം എഴുതി നൽകുന്ന വകുപ്പിലെ ഉദ്യോഗസ്ഥരുടെ ആത്മാർത്ഥതയെങ്കിലും മന്ത്രിക്ക് വേണം' ഷാഫി പറമ്പിൽ പറഞ്ഞു.

ഭക്ഷ്യവകുപ്പിനോട് ചെയ്യുന്ന അനീതിക്കെതിരെ മന്ത്രി പ്രതിപക്ഷത്തിനൊപ്പം നിൽക്കുകയാണ് വേണ്ടത്. മാവേലി സ്റ്റോറിൽ പോകുന്ന ആളുകൾ വെറും കൈയോടെയാണ് മടങ്ങിവരുന്നത്. ദയവായി മാവേലിയെ പറയിപ്പിക്കുന്നത് നിർത്തണം. കെ, വെച്ച് വല്ല പേരും ഇട്ടാൽ ആളുകൾക്ക് വല്യപ്രതീക്ഷയും ഉണ്ടാകില്ല, മാവേലിയെ പറയിപ്പിക്കുന്നത് നിർത്താനും പറ്റുമെന്നും ഷാഫി പറമ്പിൽ പരിഹസിച്ചു.

സിപിഐ സംസ്ഥാനകൗൺസിലിൽ നടക്കുന്ന കാര്യങ്ങളുടെ വാർത്ത ശ്രദ്ധിച്ചാൽ ഇവിടെ ആകെ വിലക്കുറവുള്ളത് മുഖ്യമന്ത്രിക്ക് മാത്രമാണ് എന്ന് ആർക്കും സംശയമുണ്ടാകില്ല. ബാക്കി എല്ലാ സാധനങ്ങൾക്കും വിലകയറ്റമാണെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.