പ്രസംഗത്തിൽ മാത്രമല്ല സ്വകാര്യ സംഭാഷണത്തിൽ പോലും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകൾ; ഷാഫി പറമ്പിൽ

  1. Home
  2. Trending

പ്രസംഗത്തിൽ മാത്രമല്ല സ്വകാര്യ സംഭാഷണത്തിൽ പോലും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകൾ; ഷാഫി പറമ്പിൽ

SHAFI


ആർ എം പി നേതാവ് കെ എസ് ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശത്തെ തള്ളി വടകരയിലെ യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. പരാമർശത്തെ താൻ ഒരിക്കലും ന്യായീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രസംഗത്തിൽ മാത്രമല്ല സ്വകാര്യ സംഭാഷണത്തിൽ പോലും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളാണ് ഹരിഹരന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. 

പരിപാടി കഴിഞ്ഞ ശേഷം താനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആർ എം പി നേതാക്കളെ വിളിച്ച് വിയോജിപ്പ് അറിയിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹരിഹരന്റെ പ്രസ്താവന യു ഡി എഫ് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വാർത്താ കുറിപ്പിലൂടെ നേരത്തെ പ്രതികരിച്ചിരുന്നു. പൊതുവേദിയിൽ സംസാരിക്കുമ്പോൾ നേതാക്കൾ എപ്പോഴും മറ്റുള്ളവർക്ക് മാതൃകയാകണമെന്നും പ്രസ്താവനയിൽ പറയുന്നു.ആർ എം പി കേന്ദ്ര കമ്മിറ്റി അംഗമാണ് കെ എസ് ഹരിഹരൻ. യു ഡി എഫും ആർ എം പിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശം.

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിൽ ഉണ്ടായ അശ്ലീല വിഡിയോ വിവാദത്തെക്കുറിച്ച് പറയുന്നതിനിടെയായിരുന്നു വിവാദ പരാമർശം നടത്തിയത്. 'സിപിഎമ്മിന്റെ സൈബർ ഗുണ്ടകൾ കരുതിയത് അവർ ചില സംഗതികൾ നടത്തിയാൽ തീരുമെന്നാണ്. ടീച്ചറുടെ ഒരു അശ്ലീല വീഡിയോ ഉണ്ടാക്കിയെന്നാണ് പരാതി. ആരെങ്കിലും ഉണ്ടാക്കുമോ അത്?' എന്നുപറഞ്ഞശേഷം മറ്റാരുടെയെങ്കിലും ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസിലാക്കാമെന്ന് ഒരു നടിയെ പരാമർശിച്ചുകൊണ്ട് ഹരിഹരൻ പറഞ്ഞു. ഇതാണ് വിവാദമായത്