വ്യാജ പ്രചരണം നടത്തുന്നു: യുഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി കെ.കെ ശൈലജ

  1. Home
  2. Trending

വ്യാജ പ്രചരണം നടത്തുന്നു: യുഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി കെ.കെ ശൈലജ

kk shailaja


കൊവിഡ് കാലത്തെ പർച്ചേസിന്റെ പേരിൽ യുഡിഎഫ് തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നതായി ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ ശൈലജ. യാതൊരു തെളിവുമില്ലാതെയാണ് യുഡിഎഫ് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതെന്ന് ശൈലജ ആരോപിച്ചു.

അതേസമയം, പിപിഇ കിറ്റുകൾ അടക്കം അമിത വിലയിൽ വാങ്ങിയതിന്റെ കൃത്യമായ തെളിവുകളാണ് ഉന്നയിച്ചതെന്ന് യുഡിഎഫ് തിരിച്ചടിച്ചു. വടകരയിൽ പ്രചാരണം തുടങ്ങിയതു മുതല്‍ കെകെ ശൈലജക്കെതിരെ കൊവിഡ് കാല പാര്‍ച്ചേസ് സംബന്ധിച്ച ആരോപണങ്ങളും യുഡിഎഫ് ഉന്നയിക്കുന്നുണ്ട്. കോവിഡ് കള്ളിയെ കെട്ടുകെട്ടിക്കണം തുടങ്ങിയ മുദ്രാവാക്യങ്ങൾ റോഡ് ഷോകളിലും മറ്റും ഉന്നയിക്കുന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ ഇതിന് വലിയ പ്രചാരവും നല്‍കുന്നു.

ഒരു ഭാഗത്ത് കൊവിഡ് ഘട്ടത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വച്ച് കെ.കെ ശൈലജ വോട്ട് അഭ്യര്‍ത്ഥിക്കുമ്പോഴാണ് യുഡിഎഫിന്റെ ഈ പ്രതിരോധം. പ്രതിസന്ധി ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരുടെയും പൊതു ജനങ്ങളുടെയും ജീവൻ രക്ഷിക്കാനായി നടത്തിയ ഇടപെടലിനെ കൊള്ളയായി ചിത്രീകരിച്ചാല്‍ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് ശൈലജ വ്യക്തമാക്കിയിരുന്നു. യുഡിഎഫ് നിലപാട് മാറ്റാത്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നതെന്ന് കെ.കെ ശൈലജ പറഞ്ഞു.

അതേസമയം വസ്തുതകൾ മുൻനിർത്തിയുള്ള വിമർശനങ്ങൾ മാത്രമാണ് ഉന്നയിച്ചതെന്നാണ് യുഡിഎഫ് വിശദീകരണം. വടകരയിൽ യുഡിഎഫ് ഉയർത്തുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് കൊവിഡ് അഴിമതിയാണന്നതില്‍ സംശയം വേണെന്നും നേതാക്കൾ വ്യക്തമാക്കി. അതേസമയം സ്ഥാനാർത്ഥിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലേക്ക് പ്രചാരണം പോയിട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പില്‍ വിശദീകരിച്ചു.

കഴിഞ്ഞ ദിവസം തലശേരിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ മകന്റെ വിവാഹ വേളയില്‍ കണ്ടുമുട്ടിയ ശൈലജയും ഷാഫിയും സൗഹൃദം പങ്കുവച്ചായിരുന്നു മടങ്ങിയത്. പിന്നാലെയാണ് കൊവിഡ് കാല പര്‍ച്ചേസ് സംബന്ധിച്ച തര്‍ക്കം നിയമയുദ്ധത്തിലേക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നിലേക്കും നീങ്ങുന്നത്.