കാസർകോട് എൽഡിഎഫ് സ്ഥാനാർത്ഥിയായി ഷാനവാസ് പാദൂർ; മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരം

  1. Home
  2. Trending

കാസർകോട് എൽഡിഎഫ് സ്ഥാനാർത്ഥിയായി ഷാനവാസ് പാദൂർ; മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരം

kasargod


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ മത്സരിക്കും. ഐഎൻഎൽ-സിപിഎം നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് ഇദ്ദേഹത്തെ ഇടതുസ്വതന്ത്രനായി രംഗത്തിറക്കാൻ തീരുമാനമായത്. സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും.

ആദ്യഘട്ടത്തിൽ മഞ്ചേശ്വരം മണ്ഡലത്തിലേക്കാണ് ഷാനവാസ് പാദൂരിനെ പരിഗണിച്ചിരുന്നതെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് സിപിഎം തീരുമാനം മാറ്റുകയായിരുന്നു. നിലവിൽ ഐഎൻഎല്ലിന്റെ സീറ്റായ കാസർകോട്, ഷാനവാസ് പാദൂർ മത്സരിക്കുകയാണെങ്കിൽ വിട്ടുനൽകാൻ തയ്യാറാണെന്ന് ഐഎൻഎൽ അറിയിച്ചതോടെയാണ് അനിശ്ചിതത്വങ്ങൾക്ക് വിരാമമായത്.

മുമ്പ് കോൺഗ്രസ് അംഗമായിരുന്ന ഷാനവാസ്, ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് പാർട്ടി വിട്ടത്. തുടർന്ന് 2020-ൽ ഇടതുസ്വതന്ത്രനായി മത്സരിച്ച് വിജയിച്ചിരുന്നു. യുഡിഎഫിനായി കല്ലട മാഹിൻ ഹാജിയും എൻഡിഎ സ്ഥാനാർത്ഥിയായി എം.എൽ. അശ്വിനിയുമാണ് കാസർകോട് മത്സരരംഗത്തുള്ളത്. 2011 മുതൽ മുസ്ലിം ലീഗിന്റെ എൻ.എ. നെല്ലിക്കുന്ന് പ്രതിനിധീകരിക്കുന്ന കാസർകോട് മണ്ഡലം തിരിച്ചുപിടിക്കാനാണ് ഇത്തവണ എൽഡിഎഫ് ലക്ഷ്യമിടുന്നത്.