പാലക്കാട്ടെ മത്സരത്തിൽനിന്ന് പിന്മാറണമെന്ന് അഭ്യർഥിച്ച് സരിൻ; പിന്മാറില്ലെന്ന് ഷാനിബ്, ഇന്ന് നാമനിർദേശ പത്രിക നൽകും
കോൺഗ്രസ് വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ.ഷാനിബിനോട് പാലക്കാട്ടെ മത്സരത്തിൽ നിന്നു പിന്മാറാൻ അഭ്യർഥിച്ച് എൽഡിഎഫ് സ്ഥാനാർഥി പി.സരിൻ. നാമനിർദേശ പത്രിക നൽകരുതെന്നും മത്സരത്തിൽനിന്നു പിന്മാറി തനിക്ക് പിന്തുണ നൽകണമെന്നുമാണ് സരിന്റെ ആവശ്യം. എന്നാൽ മത്സരത്തിൽനിന്നു പിന്മാറില്ലെന്ന് ഷാനിബ് പറഞ്ഞു. ഇന്ന് ഉച്ചയോടെ ഷാനിബ് നാമനിർദേശ പത്രിക നൽകും.
വി.ഡി.സതീശന്റെയും ഷാഫി പറമ്പിലിന്റെയും ഏകാധിപത്യ നിലപാടുകൾക്കെതിരെയാണ് തന്റെ മത്സരമെന്നാണ് ഷാനിബ് പറയുന്നത്. പാലക്കാട്–വടകര–ആറന്മുള കരാർ കോൺഗ്രസും ആർഎസ്എസും തമ്മിലുണ്ടെന്നും ഈ കരാറിന്റെ രക്തസാക്ഷിയാണ് കെ.മുരളീധരനെന്നുമായിരുന്നു ഷാനിബിന്റെ ആരോപണം. കരാറിന്റെ ഭാഗമായാണ് പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് വന്നതെന്നും ഷാനിബ് ആരോപിച്ചിരുന്നു.
തുടക്കത്തിൽ സിപിഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നും സരിനുവേണ്ടി രംഗത്തിറങ്ങുമെന്നും ഷാനിബ് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തൃശൂർ പൂങ്കുന്നത്തെ മുരളീമന്ദിരത്തിലെത്തി കെ.കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പി.സരിനും എ.കെ ഷാനിബും പുഷ്പാർച്ചന നടത്തിയിരുന്നു.