അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കണം; കർണാടക മുഖ്യമന്ത്രിയെ കാണാൻ കുടുംബം
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബം ഇന്ന് വൈകിട്ടോടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണും. ഗംഗാവാലി പുഴിയിലെ തിരച്ചിലിന് എത്രയും പെട്ടെന്ന് ഡ്രഡ്ജർ എത്തിക്കണമെന്ന് കർണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അർജുന്റെ കുടുംബം അറിയിച്ചു.
ഡ്രഡ്ജറിൻ്റെ പേര് പറഞ്ഞാണ് നേരത്തേയും ഇപ്പോഴും തിരച്ചിൽ വൈകുന്നത്. ഡ്രഡ്ജറില്ലാതെ തിരച്ചിൽ നടക്കില്ലെന്ന് എല്ലാവർക്കും ഉറപ്പുള്ള കാര്യമാണ്. എത്രയും വേഗം ഇതെത്തിച്ച് തിരച്ചിൽ പുനരാരംഭിക്കണം.
അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഡ്രഡ്ജറിന് വേണ്ട തുകയിൽ 50 ലക്ഷം രൂപ തുക ജില്ലാ ഭരണകൂടത്തിന് വഹിക്കാൻ കഴിയുമെന്നാണ് അറിയാൻ കഴിഞ്ഞത്. ബാക്കി തുകയ്ക്കാണ് സംസ്ഥാന സർക്കാരിന്റെ സഹായം വേണ്ടത്. ഇത് ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും കുടുംബം പറഞ്ഞു. കാര്യങ്ങൾ അനുകൂലം ആയില്ലെങ്കിൽ കേരള മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ അറിയിക്കുമെന്നും ഇടപെടൽ ആവശ്യപ്പെടുമെന്നും അർജുൻ്റെ കുടുംബം പറഞ്ഞു.