ശ്രീനാരായണീയ ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ധരിച്ചു പ്രവേശിക്കാം, ട്രസ്റ്റ് യോഗത്തില്‍ തീരുമാനം

  1. Home
  2. Trending

ശ്രീനാരായണീയ ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ധരിച്ചു പ്രവേശിക്കാം, ട്രസ്റ്റ് യോഗത്തില്‍ തീരുമാനം

sreenarayana temple


ശ്രീനാരായണീയ ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ധരിച്ചു പ്രവേശിക്കാമെന്ന് ധര്‍മസംഘം ട്രസ്റ്റ് യോഗത്തില്‍ തീരുമാനം. ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗം ഇക്കാര്യത്തില്‍ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി. ക്ഷേത്രഭാരവാഹികളും വൈദികന്മാരും ശിവഗിരി മഠത്തിന്റെ തീരുമാനം നടപ്പാക്കണമെന്ന് മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

ശിവഗിരിയിലെ അവസാന മഠാധിപതിയും ഗുരുശിഷ്യനുമായ സ്വാമി ശങ്കരാനന്ദ ഗുരു പ്രസ്ഥാനത്തിലെ മഹാക്ഷേത്രങ്ങളില്‍ ഒന്നായ കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ ഷര്‍ട്ടിട്ട് പ്രവേശനം അനുവദിച്ച് മാതൃക കാട്ടിയിട്ടുണ്ട്. ആചാരാനുഷ്ഠാനങ്ങളില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ ഗുരുദേവന്‍ വരുത്തിയിരുന്നു. അതിന്റെ പിന്തുടര്‍ച്ചയെന്ന നിലയിലാണ്, ക്ഷേത്രങ്ങളില്‍ ഷര്‍ട്ടിട്ടു പ്രവേശിക്കാമെന്ന തീരുമാനം.

ഗുരുവും ശിഷ്യപരമ്പരയും നടത്തിയിട്ടുള്ള ക്ഷേത്രങ്ങളുടെ തന്ത്രാവകാശം തലസ്ഥാനമായ ശിവഗിരി മഠത്തില്‍ നിക്ഷിപ്തമാണെന്നും ഈ ക്ഷേത്രങ്ങള്‍ അതു പ്രകാരമുള്ള ആചാരാനുഷ്ഠാനങ്ങള്‍ ശിവഗിരി മഠവുമായി ബന്ധപ്പെട്ട് നടത്തണമെന്നും സന്യാസി സംഘം തീരുമാനമെടുത്തു.