'മൂന്നാം പിണറായി സർക്കാർ കേൾക്കുമ്പോൾ ഞെട്ടൽ; ജനങ്ങൾക്ക് ഇനി താങ്ങാനാവില്ല'; എ.കെ. ആന്റണി

  1. Home
  2. Trending

'മൂന്നാം പിണറായി സർക്കാർ കേൾക്കുമ്പോൾ ഞെട്ടൽ; ജനങ്ങൾക്ക് ഇനി താങ്ങാനാവില്ല'; എ.കെ. ആന്റണി

ak


കേരളത്തിൽ ഭരണമാറ്റം ഉറപ്പാണെന്നും യുഡിഎഫ് ഇടിമുഴക്കം പോലെ അധികാരത്തിൽ തിരിച്ചെത്തുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. പിണറായി വിജയൻ സർക്കാരിന്റെ അവസാന നാളുകളാണിതെന്നും ഈ ഭരണം പോയേ തീരൂ എന്ന് ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. മൂന്നാം പിണറായി സർക്കാർ എന്ന ചിന്ത തന്നെ ജനങ്ങളിൽ ഞെട്ടലുണ്ടാക്കുന്നുവെന്നും അത് താങ്ങാനുള്ള കരുത്ത് ഇനി കേരളത്തിനില്ലെന്നും ആന്റണി കൂട്ടിച്ചേർത്തു.

പത്തുവർഷം ഭരണം പൂർത്തിയാക്കുന്ന ആദ്യ സർക്കാരാണിത്. എന്നാൽ അവസാന നിമിഷം തിരക്കിട്ട് എടുത്ത തീരുമാനങ്ങളല്ല ജനങ്ങൾ വിലയിരുത്തുന്നത്. എത്രയും വേഗം ഇറങ്ങിപ്പോകാൻ കാത്തിരിക്കുന്ന മുഖ്യമന്ത്രിയായാണ് പിണറായി വിജയൻ മാറിയിരിക്കുന്നത്. സെക്രട്ടേറിയറ്റിനെ ഒരു രാവണൻ കോട്ടയാക്കി മാറ്റിയ അദ്ദേഹം ജനങ്ങളെ കാണാൻ ഭയപ്പെടുകയാണ്. സാധാരണക്കാർക്ക് മുഖ്യമന്ത്രിയെ കാണാൻ അവസരം ലഭിക്കുന്നില്ലെന്നും വിമർശനങ്ങളെ ഒട്ടും ഇഷ്ടപ്പെടാത്ത ഭരണാധികാരിയാണ് പിണറായി എന്നും ആന്റണി വിമർശിച്ചു.

കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയധികം ജനവിരുദ്ധമായ ഒരു ഭരണം ഉണ്ടായിട്ടില്ല. സാങ്കേതികമായി മാത്രമാണ് ഇപ്പോൾ ഈ സർക്കാരിന് നിലനിൽപ്പുള്ളത്. ജനങ്ങളുടെ ഹൃദയത്തിൽ തിരഞ്ഞെടുപ്പ് എന്നേ കഴിഞ്ഞു കഴിഞ്ഞു. യുഡിഎഫിന്റെ വമ്പിച്ച വിജയത്തിലൂടെ കേരളം പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുമെന്നും എ.കെ. ആന്റണി ആത്മവിശ്വാസം പ്രകടിപ്പിച്ചു.