ഇരുചക്ര വാഹനങ്ങൾക്കും ടോൾ; തെറ്റായ പ്രചാരണമാണെന്ന് വിവാദങ്ങളിൽ പ്രതികരിച്ചു കൊണ്ട് നിതിൻ ഗഡ്കരി

ജൂലൈ 15 മുതൽ ഇരുചക്ര വാഹനങ്ങൾക്കും ദേശീയ പാതകളിൽ ടോൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നുവെന്ന വാർത്ത സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിക്കുന്നതിനിടയിൽ വിവാദങ്ങളോട് പ്രതികരിച്ച് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി രംഗത്ത്. ദേശീയ ഹൈവേ മന്ത്രാലയം ഇത് സംബന്ധിച്ച് ഇതുവരെ യാതൊരു നിർദേശവും നൽകിയിട്ടില്ലെന്നും തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
'ഇരുചക്ര വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കാനൊരുങ്ങുന്നുവെന്ന് ചില മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. അത്തരത്തിലൊരു നിർദേശവും കേന്ദ്ര സർക്കാർ നൽകിയിട്ടില്ല. ഇരുചക്ര വാഹനങ്ങളെ ടോളിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത് തുടരും. വിവാദങ്ങൾ സൃഷ്ടിക്കുന്നതിനായി യാതൊരു രീതിയിലുള്ള പരിശോധനകളും നടത്താതെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് യഥാർത്ഥ മാധ്യമപ്രവർത്തനത്തിന്റെ ലക്ഷണമല്ലെന്നുമാണ്' കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി എക്‌സിൽ കുറിച്ചത്. 2025 ജൂലൈ 15 മുതൽ ഇരുചക്ര വാഹനങ്ങൾക്കും ദേശീയ പാതകളിൽ സഞ്ചരിക്കാൻ ടോൾ നൽകേണ്ടി വരുമെന്നാണ് ഇപ്പോൾ വാർത്തകളിൽ പ്രചരിക്കുന്നത്. നിലവിൽ രാജ്യത്തെവിടെയും ഇരുചക്ര വാഹങ്ങൾക്ക് ടോൾ ഏർപ്പെടുത്തിയിട്ടില്ല. അതിനാൽ ഈ സ്ഥിതി തുടരുമെന്നും ഗഡ്കരി പറഞ്ഞു.
രാജ്യത്ത് പ്രഖ്യാപിച്ച പുതിയ വാർഷിക ടോൾ പദ്ധതിക്ക് പിന്നാലെയാണ് ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നത്. ഈ ടോൾ പദ്ധതി യാത്രക്കാർക്കും വാഹനഉടമകൾക്കും ഏറെ ആശ്വാസകരമാണ്. 3000 രൂപയുടെ വാർഷിക പദ്ധതിയനുസരിച്ച് ഒരു വർഷം വരെയോ അല്ലെങ്കിൽ 200 യാത്രകൾ വരെയോ ഫാസ്ടാഗ് ഉപയോഗിക്കാം. ഇതനുസരിച്ച് ഉപഭോക്താവിന് ഒരു തവണ യാത്ര ചെയ്യാൻ 15 രൂപ നൽകിയാൽ മതിയാകും. 2025 ഓഗസ്റ്റ് 15 മുതലാണ് പുതിയ വാർഷിക ടോൾ പദ്ധതി നിലവിൽ വരുന്നത്. കൂടാതെ 60 കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന ടോൾ പ്ലാസകളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുക എന്നതും ഈ പദ്ധതിയുടെ മറ്റൊരു ലക്ഷ്യമാണ്.