സിദ്ധാര്‍ഥന്റെ മരണം; സി.ബി.ഐക്ക് കൈമാറാത്തത് വിവാദമായതോടെ നടപടികള്‍ ഊര്‍ജിതമാക്കി സര്‍ക്കാര്‍

  1. Home
  2. Trending

സിദ്ധാര്‍ഥന്റെ മരണം; സി.ബി.ഐക്ക് കൈമാറാത്തത് വിവാദമായതോടെ നടപടികള്‍ ഊര്‍ജിതമാക്കി സര്‍ക്കാര്‍

sidharth 123


ആള്‍ക്കൂട്ടവിചാരണയ്ക്കിരയായ, പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ മരിച്ച കേസ് സി.ബി.ഐ.ക്ക് കൈമാറാത്തത് വിവാദമായതോടെ നടപടികള്‍ ഊര്‍ജിതമാക്കി സര്‍ക്കാര്‍. അന്വേഷണം അട്ടിമറിക്കുന്നെന്ന് ആരോപിച്ച് സിദ്ധാര്‍ഥന്റെ കുടുംബവും പ്രതിപക്ഷവും രംഗത്തെത്തിയതോടെ ചൊവ്വാഴ്ച വൈകീട്ട് പ്രത്യേക ദൂതന്‍വഴി രേഖകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് എത്തിച്ചു. രേഖകള്‍ യഥാസമയം കൈമാറുന്നതില്‍ വീഴ്ചവരുത്തിയതിന് മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

സി.ബി.ഐ.ക്ക് കേസ് കൈമാറുന്നത് വൈകിപ്പിക്കാനും അട്ടിമറിക്കാനും നീക്കംനടക്കുകയാണെന്നാരോപിച്ച് സിദ്ധാര്‍ഥന്റെ കുടുംബം ചൊവ്വാഴ്ച രംഗത്തെത്തിയിരുന്നു. ഇതോടെയാണ് പെര്‍ഫോമ റിപ്പോര്‍ട്ടുമായി പോലീസ് ആസ്ഥാനത്തെ സ്‌പെഷ്യല്‍ സെല്‍ ഡിവൈ.എസ്.പി. എസ്. ശ്രീകാന്തിനെ ഡല്‍ഹിയിലേക്ക് അയച്ചത്. രേഖകള്‍ കൈമാറാത്തത് മുഖ്യന്ത്രിയുടെ ഓഫീസ് അറിഞ്ഞില്ലെന്നാണ് വിശദീകരണം. വീഴ്ചയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് സെക്രട്ടറിയോട് നിര്‍ദേശിച്ചു.

അന്വേഷണം കൈമാറാനുള്ള സര്‍ക്കാര്‍ വിജ്ഞാപനം 16-ന് സി.ബി.ഐ. കൊച്ചി ഓഫീസിന് നല്‍കിയിരുന്നു. എന്നാല്‍, പെര്‍ഫോമ റിപ്പോര്‍ട്ട് കൈമാറിയില്ല. സംസ്ഥാന ആഭ്യന്തരവകുപ്പാണ് നല്‍കേണ്ടത്. പ്രഥമവിവര റിപ്പോര്‍ട്ടും അന്വേഷണത്തിന്റെ നാള്‍വഴികളും അടക്കമുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഏറ്റെടുക്കണോയെന്ന് സി.ബി.ഐ. തീരുമാനിക്കുന്നത്. പ്രാദേശികയൂണിറ്റിന്റെ റിപ്പോര്‍ട്ടും സി.ബി.ഐ. ഡയറക്ടര്‍ തേടും.അടിയന്തരപ്രാധാന്യത്തോടെ സര്‍ക്കാര്‍ കൈകാര്യംചെയ്ത വിഷയത്തില്‍ വീഴ്ചവരുത്തിയെന്ന കുറ്റംചുമത്തിയാണ് ആഭ്യന്തരവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി വി.കെ. പ്രശാന്ത്, സെക്ഷന്‍ ഓഫീസര്‍ വി.കെ. ബിന്ദു, അസിസ്റ്റന്റ് എസ്.എല്‍. അഞ്ജു, എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത്.