സിദ്ധാര്‍ത്ഥന്റെ മരണം; സിബിഐക്ക് റിപ്പോർട്ട് കൈമാറാൻ വൈകിയതെന്ത് ? വിശദികരണം തേടി മുഖ്യമന്ത്രി
പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥൻ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷവും സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകള്‍ കൈമാറാതിരുന്നതില്‍ റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയൻ. സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം 9 തീയതി ഇറക്കിയിരുന്നു. എന്നാല്‍ പ്രോഫോമ റിപ്പോര്‍ട്ട് അഥവാ കേസിന്‍റെ മറ്റ് വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല.
ഇതിലാണിപ്പോള്‍ മുഖ്യമന്ത്രി പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രോഫോമ റിപ്പോര്‍ട്ട് വൈകിയെങ്കില്‍ അതിന് ഉത്തരവാദി ആരെന്ന് കണ്ടെത്തണമെന്ന് ആഭ്യന്തര സെക്രട്ടറിക്കാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സിബിഐ അന്വേഷണം അടിടമറിക്കാനുള്ള ശ്രമം നടക്കുന്നു, പ്രതികള്‍ സംരക്ഷിക്കപ്പെടുന്നു എന്നെല്ലാമുള്ള പരാതികള്‍ സിദ്ധാര്‍ത്ഥന്‍റെ കുടുംബവും പ്രതിപക്ഷവും ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കേസില്‍ സര്‍ക്കാര്‍ വീണ്ടും സമ്മര്‍ദ്ദത്തിലാവുകയാണ്. ഇതിന്‍റെ ഭാഗമായാണ് ഇപ്പോള്‍ പ്രോഫോമ റിപ്പോര്‍ട്ട് വൈകിയതില്‍ മുഖ്യമന്ത്രി വിശദീകരണം തേടുന്നത്.