മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിൽ ഡ്രസ് കോഡ്; കീറുള്ള ജീൻസും ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും പാടില്ല

  1. Home
  2. Trending

മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിൽ ഡ്രസ് കോഡ്; കീറുള്ള ജീൻസും ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും പാടില്ല

siddhivinayak temple mumbai


പ്രശസ്തമായ മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിൽ ഡ്രസ് കോഡ് നിർബന്ധമാക്കി. ശരീരഭാഗങ്ങൾ പുറത്തു കാണിക്കുന്ന വസ്ത്രങ്ങൾക്കും കീറിയ ജീൻസിനും ഷോർട്ട് സ്കർട്ടുകൾക്കും ക്ഷേത്രത്തിൽ വിലക്ക് ഏർപ്പെടുത്തി.

പുതിയ ഡ്രസ് കോഡ് പാലിക്കാത്തവരെ അടുത്ത ആഴ്ച മുതൽ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിന്‍റെ പവിത്രതയെ മാനിച്ചുകൊണ്ടാണ് പുതിയ തീരുമാനമെടുത്തതെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. 

ഇതുവരെ സിദ്ധിവിനായക ക്ഷേത്രത്തിൽ ഏതു വസ്ത്രം ധരിച്ചും പ്രവേശിക്കാമായിരുന്നു. മറ്റുള്ളവരെ അലോസരപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിച്ച് പലരും വരുന്നുണ്ടെന്നും അതിനാലാണ് ഡ്രസ് കോഡ് ഏർപ്പെടുത്തിയതെന്നുമാണ് ക്ഷേത്രം ട്രസ്റ്റ് പറയുന്നത്. അതിനാൽ മാന്യമായ ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ചുവരണമെന്നാണ് ട്രസ്റ്റ് നൽകിയ നിർദേശം. 

രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഭക്തരാണ് ദിവസേന ഈ ക്ഷേത്രത്തിലെത്തുന്നത്. ആരാധനാലയത്തിന് അനുയോജ്യമല്ലാത്ത വസ്ത്രധാരണത്തെക്കുറിച്ച് നിരവധി ഭക്തർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ മാനിച്ചാണ് തീരുമാനമെന്നും ട്രസ്റ്റ് അറിയിച്ചു. ക്ഷേത്രത്തിന്‍റെ പവിത്രത സംരക്ഷിക്കുന്നതിനാണ് ഡ്രസ് കോഡ് നടപ്പിലാക്കാൻ ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു.