ഹാസനിലെ ഹൃദയാഘാത മരണങ്ങൾ അന്വേഷിക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ

  1. Home
  2. Trending

ഹാസനിലെ ഹൃദയാഘാത മരണങ്ങൾ അന്വേഷിക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ

 siddaramaiah


കർണാടകയിലെ ഹാസൻ ജില്ലയിൽ 40 ദിവസത്തിനിടെ 21 പേർ ഹൃദയാഘാതം മൂലം മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. കഴിഞ്ഞ തിങ്കളാഴ്ച മാത്രം മൂന്നുപേരാണ് ഹൃദയാഘാതം മൂലം ജില്ലയിൽ മരിച്ചത്. മരിച്ചവരിലേറെയും ചെറുപ്പക്കാരാണ് എന്നതായിരുന്നു ജനങ്ങളിൽ ആശങ്കയുണ്ടാക്കിയത്. കോവിഡ് വാക്‌സിനുമായി ഈ മരണങ്ങൾക്ക് ബന്ധമുണ്ടെന്നായിരുന്നു ഉയർന്നുവന്ന പ്രധാന ആക്ഷേപം.

ഇക്കാര്യത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കോവിഡ് -19 വാക്‌സിനുകൾ ചില മരണങ്ങൾക്ക് കാരണമായേക്കാമെന്ന സാധ്യത തള്ളിക്കളയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ നടത്തിയ പഠനങ്ങളിൽ കോവിഡ് വാക്‌സിനും ഹൃദയസംബന്ധമായ പഠനങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നുണ്ട്.അതിവേഗത്തിൽ കോവിഡ് വാക്‌സിന് അനുമതി നൽകി വിതരണം ചെയ്തത് ചിലപ്പോൾ മരണങ്ങൾക്ക് കാരണമായിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. വാക്‌സിനേഷനു ശേഷമുള്ള ഫലങ്ങളും സംസ്ഥാനവ്യാപകമായി ചെറുപ്പക്കാർ മരിക്കുന്നതിനെക്കുറിച്ചും പഠിക്കാൻ ഫെബ്രുവരിയിൽ വിദഗ്ദ്ധ സമിതിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാക്കൾ പൊതുജനാരോഗ്യ പ്രശ്‌നത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിഷയം ഗൗരവത്തോടെയാണ് കാണുന്നത്. ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ വാസ്‌കുലാർ സയൻസിലെ ഡയറക്ടർ രവീന്ദ്രനാഥിന്റെനേതൃത്വത്തിലാണ് പഠനം നടക്കുന്നത്. 10 ദിവസത്തിനകമാണ് സമിതിയോട് റിപ്പോർട്ട് സമർപ്പിക്കാൻ പറഞ്ഞിരിക്കുന്നത്. നെഞ്ചുവേദനയോ ശ്വസന പ്രശ്‌നങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ പോകണമെന്നും സിദ്ധരാമയ്യ പറഞ്ഞു.

ഹാസനിലെ യുവാക്കളുടെ ഹൃദയാഘാത മരണങ്ങൾ ഏറെ സംസ്ഥാനത്തിനകത്തും പുറത്തും ചർച്ചയായിട്ടുണ്ട്. 2025 മെയ് 28 നും ജൂൺ 28 നും ഇടയിലാണ് കൂടുതൽ മരണങ്ങളും നടന്നത്. ഇവരിൽ പലർക്കും യാതൊരു ലക്ഷണങ്ങളില്ലായിരുന്നു. മരിച്ചവരിൽ പതിനാലു പേർ ആശുപത്രിയിലെത്തും മുമ്പ് വീട്ടിൽ വെച്ചാണ് മരിച്ചത്. ഒമ്പത് പേർ 30 വയസ്സിന് താഴെയുള്ളവരായിരുന്നുവെന്നും എച്ച് ഐഎംഎസ് ഡയറക്ടർ ഡോ. രാജണ്ണ ബി പറഞ്ഞു. ബെംഗളൂരുവിലെയും മൈസൂരുവിലെയും ജയദേവ ആശുപത്രികളിൽ അടിയന്തര കാർഡിയാക് ഒപിഡി സന്ദർശനങ്ങളിൽ 20 ശതമാനം വർധനവ് റിപ്പോർട്ട് ചെയ്തതോടെ മരണങ്ങൾ സംസ്ഥാനത്തുടനീളം ആശങ്കയുളവാക്കിയിട്ടുണ്ട്.