എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; 24 ലക്ഷം വോട്ടർമാർ പുറത്ത്, പേര് പരിശോധിക്കാനും ചേർക്കാനും അവസരം
സംസ്ഥാനത്തെ വോട്ടർമാരുടെ എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു. നിലവിലുണ്ടായിരുന്ന പട്ടികയിൽ നിന്ന് 24.08 ലക്ഷം പേർ പുറത്തായതായി തിരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. ഏകദേശം 8.65 ശതമാനം വോട്ടർമാരെയാണ് പട്ടികയിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. കരട് പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാനും മാറ്റങ്ങൾ വരുത്താനും ജനുവരി 22 വരെ പൊതുജനങ്ങൾക്ക് അവസരമുണ്ടാകും.
2025 ഒക്ടോബറിൽ വോട്ടർ പട്ടികയിലുണ്ടായിരുന്ന 2.78 കോടി പേർക്ക് എന്യൂമറേഷൻ ഫോം വിതരണം ചെയ്തിരുന്നുവെങ്കിലും 2.54 കോടി പേർ മാത്രമാണ് തിരികെ നൽകിയത്. ബാക്കിയുള്ള 24 ലക്ഷം പേരെ കണ്ടെത്താനായിട്ടില്ലെന്നാണ് കമ്മീഷൻ വ്യക്തമാക്കുന്നത്. വോട്ടർമാർക്ക് https://voters.eci.gov.in എന്ന വെബ്സൈറ്റ് വഴിയോ 'ECINET' എന്ന മൊബൈൽ ആപ്പ് വഴിയോ പേര് പരിശോധിക്കാം. ലിങ്കിൽ കയറി കേരളം, ജില്ല, നിയമസഭാ മണ്ഡലം എന്നിവ ക്രമമായി തിരഞ്ഞെടുത്താൽ ബൂത്ത് അടിസ്ഥാനത്തിലുള്ള പട്ടികയുടെ പിഡിഎഫ് ഫയൽ ലഭ്യമാകും.
വോട്ടർ ഐഡി നമ്പർ ഉപയോഗിച്ച് electoralsearch.eci.gov.in എന്ന സൈറ്റിലൂടെയും വിവരങ്ങൾ തിരയാവുന്നതാണ്. പട്ടികയിൽ പേരില്ലാത്തവർക്ക് 'ഫോം 6' പൂരിപ്പിച്ച് സമർപ്പിച്ച് പേര് ചേർക്കാം. പരാതികൾ പരിഗണിക്കുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി വോട്ടർ പട്ടിക കൃത്യമാണെന്ന് ഉറപ്പുവരുത്താൻ ഈ അവസരം വിനിയോഗിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.
