പുക വലിക്കുന്നു, വീഡിയോ കോൾ ചെയ്യുന്നു; ദൃശ്യങ്ങൾ പുറത്ത്; സൂപ്പർതാരം ദർശനെ ബെല്ലാരി ജയിലിലേക്ക് മാറ്റി
രേണുകാസ്വാമി കൊലക്കേസ് പ്രതിയായ കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപയെ ജയിൽ മാറ്റി. ബെംഗളുരു പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ബെല്ലാരി ജയിലിലേക്കാണ് മാറ്റിയത്. പരപ്പന അഗ്രഹാര ജയിലിൽ വച്ച് ദർശൻ പുക വലിക്കുന്നതിന്‍റെയും ആരാധകനുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിന്‍റെയും ദൃശ്യം പുറത്ത് വന്നിരുന്നു. ഗുരുതരമായ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ ഏഴ് ജയിൽ ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി ആഭ്യന്തരവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദർശനെ ജയിൽ മാറ്റിയിരിക്കുന്നത്.
കൊലപാതക കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രശസ്ത കന്നഡ സൂപ്പര്‍താരം പകൽ വെളിച്ചത്തിൽ മറ്റ് മൂന്ന് പേർക്കൊപ്പം കറങ്ങി നടക്കുന്ന ഒരു ചിത്രം രണ്ട് ദിവസം മുമ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. തുറസ്സായ ഗ്രൗണ്ടിൽ പ്ലാസ്റ്റിക് കസേരകളിൽ ഇരുന്നു പുൽത്തകിടിയില്‍ സൗഹൃദ സംഭാഷണം നടത്തുന്നതാണ് ഫോട്ടോയില്‍ ഉള്ളത്. ദർശൻ വലതു കൈയിൽ ഒരു കപ്പും മറ്റേ കൈയിൽ സിഗരറ്റും പിടിച്ചാണ് ചിത്രത്തില്‍ കാണുന്നത്. ഗുണ്ടാസംഘ തലവന്‍ വിൽസൺ ഗാർഡൻ, ദർശന്‍റെ മാനേജരും കേസിലെ പ്രതിയുമായ നാഗരാജ്, കുള്ള സീന എന്നിവരാണ് ദർശനൊപ്പം ചിത്രത്തിലുള്ളത്. ഇതോടെ ദര്‍ശന് ജയിലില്‍ വിഐപി പരിഗണനയില്‍ സുഖജീവിതമാണെന്ന് ആരോപണം ഉയര്‍ന്നു.
