ആര്‍.എസ്.എസ് നീക്കത്തിനെതിരെ യു.ഡി.എഫ് കാമ്പയിന്‍ നടത്തുമെന്ന് വി.ഡി. സതീശൻ

മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ ഭരണഘടനയില്‍ നിന്നും നീക്കാനുള്ള ആര്‍.എസ്.എസ് നേതാക്കളുടെ നീക്കത്തിനെതിരെ യു.ഡി.എഫ് അതിശക്തമായ കാമ്പയിന്‍ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഭരണഘടനയും പവിത്രതയും മൂല്യവും നഷ്ടപ്പെടുത്താനും ഇന്ത്യയെ മറ്റൊരു രാഷ്ട്രമാക്കി മാറ്റാനുമുള്ള നീക്കത്തെ ചെറുത്ത് തോല്‍പിക്കും. രാജ്യത്തിന്റെ പവിത്രമായ പാരമ്പര്യത്തിന്റെ ഒരു ഘടകം കൂടിയാണ് ഭരണഘടനയെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ഇന്ത്യ ഭരണഘടനയുടെ അന്തസത്തയെന്നതു തന്നെ സോഷ്യലിസമാണ്. മുതലാളിത്തവും അടിമത്വവും ചൂഷണവും ഇല്ലാത്ത വ്യവസ്ഥിതിയാണ് സോഷ്യലിസം. വിവിധ മത വിഭാഗങ്ങള്‍ വ്യത്യസ്തമായി ജീവിക്കുന്ന രാജ്യത്ത് അവരെയെല്ലാം കോര്‍ത്തിണക്കുന്ന മതേതര ഭാവവും ഇന്ത്യ ഭരണഘടനക്കുണ്ട്. സോഷ്യലിസവും മതേതരത്വവും മാറ്റിയാല്‍ ഭരണഘടന മരിച്ചു എന്നാണ് അതിന്റെ അർഥം. അതിനെതിരെ ശക്തമായ കാമ്പയിന്‍ നടത്തുമെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.