സോളാര്‍ കേസ് രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ കത്തിച്ചു; എല്‍ഡിഎഫ് അത് മുതലാക്കിയെന്ന് നന്ദകുമാര്‍

  1. Home
  2. Trending

സോളാര്‍ കേസ് രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ കത്തിച്ചു; എല്‍ഡിഎഫ് അത് മുതലാക്കിയെന്ന് നന്ദകുമാര്‍

nandakumar


സോളാര്‍ വിവാദത്തിന്റെ 35 ശതമാനത്തോളം ആനുകൂല്യം 2016-ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉണ്ടായെന്ന് അവര്‍ തന്നെ വിലയിരുത്തിയിട്ടുണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍ എന്നറിയപ്പെടുന്ന ടി.ജി. നന്ദകുമാര്‍. സോളാര്‍ പീഡനക്കേസിലെ സി.ബി.ഐ. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു നന്ദകുമാര്‍.

ഐ.ജി. ഹേമചന്ദ്രന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2016- ല്‍ 74 സീറ്റില്‍ യുഡിഎഫ് ജയിക്കുമെന്ന് ഉമ്മന്‍ചാണ്ടി തന്നോട് പറഞ്ഞിരുന്നു. സോളാര്‍ വിവാദവും പെരുമ്പാവൂര്‍ നിയമവിദ്യാര്‍ഥിയുടെ മരണവും കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടായ കലാപവും അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന വിഎം സുധീരന്‍ ഉയര്‍ത്തിയ വിവാദങ്ങളുമാണ് എല്‍ഡിഎഫിനെ അധികാരത്തിലെത്തിച്ചത്. കേരളത്തില്‍ യുഡിഎഫിന്റെ ഭാഗമായിരുന്ന രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ മുഖ്യമന്ത്രിമാര്‍ ആവാന്‍ ശ്രമിച്ചതിന്റെ പരിണിതഫലമായാണ് ഉമ്മന്‍ചാണ്ടി തേജോവധത്തിന് വിധേയനായതെന്നും ടി.ജി. നന്ദകുമാര്‍ പറഞ്ഞു.

അല്ലാതെ ദല്ലാള്‍ നന്ദകുമാര്‍ ഇടപെട്ട് ഉമ്മന്‍ചാണ്ടിയെ തേജോവധം ചെയ്തിട്ടില്ല. കേസ് കലാപത്തില്‍ എത്തണമെന്ന് രണ്ടു മുന്‍ ആഭ്യന്തരമന്ത്രിമാര്‍ ആഗ്രഹിച്ചിരുന്നു. കേരളത്തിലെ രണ്ട് മുന്‍ അഭ്യന്തരമന്ത്രിമാര്‍ ഉണ്ടാക്കിയ കലാപമാണിത്. അത് എല്‍ഡിഎഫ് മുതലാക്കി. അതില്‍ എന്താണ് തെറ്റെന്നും നന്ദകുമാര്‍ ചോദിച്ചു.

'ലാവലിന്‍ കേസ് ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് പിണറായി എന്നോട് ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്. ഇങ്ങനെയൊരു വിവാദം വരുന്നുണ്ട്, ഇത് ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ഒരുപാട് ഫലപ്രദമാവുമെന്ന് എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു', നന്ദകുമാര്‍ വെളിപ്പെടുത്തി.

'മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തണമെന്ന് ആഗ്രഹിച്ച രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍, പേര് ഞാന്‍ പറയുന്നില്ല, അവര്‍ക്ക് ഇതെല്ലാം പുറത്തുവരണമെങ്കില്‍ വി.എസ്. അച്യുതാനന്ദനേ വഴി തെളിക്കൂ എന്ന് ഉത്തമബോധ്യമുണ്ടായിരുന്നു. നേരിട്ടല്ലെങ്കിലും മറ്റുവഴിക്ക് കത്ത് പുറത്തുവരണമെന്ന് ആഗ്രഹിച്ചിരുന്നു. അവര്‍ക്കുവേണ്ടി ആളുകള്‍ ഇടപെട്ടു', നന്ദകുമാര്‍ പറഞ്ഞു.